YouVersion Logo
Search Icon

2 രാജാക്കന്മാർ 3

3
1യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിനു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു. 2അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയെയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു. 3എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെപ്പിടിച്ചു.
4മോവാബ്‍രാജാവായ മേശയ്ക്ക് അനവധി ആടുകളുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു. 5എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‍രാജാവ് യിസ്രായേൽരാജാവിനോടു മത്സരിച്ചു. 6ആ കാലത്തു യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് യിസ്രായേലിനെയൊക്കെയും എണ്ണിനോക്കി. 7പിന്നെ അവൻ: മോവാബ്‍രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിനു നീ കൂടെ പോരുമോ എന്ന് യെഹൂദാരാജാവായ യെഹോശാഫാത്തിനോട് ആളയച്ചു ചോദിപ്പിച്ചു. അതിന് അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. 8നാം ഏതു വഴിയായി പോകേണം എന്ന് അവൻ ചോദിച്ചതിന്: എദോംമരുഭൂമിവഴിയായിത്തന്നെ എന്ന് അവൻ പറഞ്ഞു. 9അങ്ങനെ യിസ്രായേൽരാജാവ്, യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി. 10അപ്പോൾ യിസ്രായേൽരാജാവ്: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനോ എന്നു പറഞ്ഞു. 11എന്നാൽ യെഹോശാഫാത്ത്: നാം യഹോവയോട് അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന് യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട് എന്നു പറഞ്ഞു. 12അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടുണ്ട് എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു. 13എലീശാ യിസ്രായേൽരാജാവിനോട്: എനിക്കും നിനക്കും തമ്മിൽ എന്ത്? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന് യിസ്രായേൽരാജാവ് അവനോട്: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് യഹോവ അവരെ വിളിച്ചു വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. 14അതിന് എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു; 15എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു. 16അവൻ പറഞ്ഞത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഈ താഴ്‌വരയിൽ അനേകം കുഴികൾ വെട്ടുവിൻ. 17നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്‌വര വെള്ളംകൊണ്ടു നിറയും. 18ഇതു പോരാ എന്നു യഹോവയ്ക്കു തോന്നിയിട്ട് അവൻ മോവാബ്യരെയും നിങ്ങളുടെ കൈയിൽ ഏല്പിച്ചുതരും. 19നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ല വൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും. 20പിറ്റന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു. 21എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നു നിന്നു. 22രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കു തങ്ങളുടെ നേരേയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി: 23അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതി അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളയ്ക്കു വരുവിൻ എന്ന് അവർ പറഞ്ഞു. 24അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്ന് മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു. 25പട്ടണങ്ങളെ അവർ ഇടിച്ചു, നല്ല നിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലിട്ടു നികത്തി, നീരുറവുകളെല്ലാം അടച്ചു, നല്ല വൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ല് അങ്ങനെതന്നെ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു. 26മോവാബ്‍രാജാവ് പട തനിക്ക് അതിവിഷമമായി എന്നു കണ്ടപ്പോൾ ഏദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധപാണികളെ കൂട്ടിക്കൊണ്ടുചെന്നു; എങ്കിലും സാധിച്ചില്ല. 27ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ച് മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ട് അവർ അവനെ വിട്ടു സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for 2 രാജാക്കന്മാർ 3