2 രാജാക്കന്മാർ 1
1
1ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. 2അഹസ്യാവ് ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽക്കൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്ന് അവരോടു കല്പിച്ചു. 3എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചത്: നീ എഴുന്നേറ്റു ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റ് ചെന്ന് അവരോട്: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ പോകുന്നത്? 4ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവ് പോയി. 5ദൂതന്മാർ മടങ്ങി വന്നാറെ അവൻ അവരോട്: നിങ്ങൾ മടങ്ങിവന്നത് എന്ത് എന്നു ചോദിച്ചു. 6അവർ അവനോടു പറഞ്ഞത്: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോട്: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ അയയ്ക്കുന്നത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്ന് അവനോടു പറവിൻ എന്നു പറഞ്ഞു. 7അവൻ അവരോട്: നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്ത് എന്നു ചോദിച്ചു. 8അവൻ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവുതന്നെ എന്ന് അവൻ പറഞ്ഞു. 9പിന്നെ രാജാവ് അമ്പതു പേർക്ക് അധിപതിയായ ഒരുവനെയും അവന്റെ അമ്പത് ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോട്: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു. 10ഏലീയാവ് അമ്പതു പേർക്ക് അധിപതിയായവനോട്: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പത് ആളെയും ദഹിപ്പിച്ചുകളഞ്ഞു. 11അവൻ അമ്പതു പേർക്ക് അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോട്: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു. 12ഏലീയാവ് അവനോട്: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്ന് ഇറങ്ങി അവനെയും അവന്റെ അമ്പത് ആളെയും ദഹിപ്പിച്ചുകളഞ്ഞു. 13മൂന്നാമതും അവൻ അമ്പതു പേർക്ക് അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതു പേർക്ക് അധിപതിയായവൻ ചെന്ന് ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോട്: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ. 14ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതു പേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടു പേരെയും അവരുടെ അമ്പതീത് ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്ന് അപേക്ഷിച്ചു. 15അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോട്: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു. 16അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും. 17ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരംതന്നെ അവൻ മരിച്ചുപോയി; അവനു മകനില്ലായ്കകൊണ്ട് അവനു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി. 18അഹസ്യാവ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Currently Selected:
2 രാജാക്കന്മാർ 1: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.