2 ദിനവൃത്താന്തം 25
25
1അമസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെഹോവദ്ദാൻ എന്നു പേർ; അവൾ യെരൂശലേംകാരത്തിയായിരുന്നു. 2അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും. 3രാജത്വം അവന് ഉറച്ചശേഷം അവൻ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാർക്കു മരണശിക്ഷ നടത്തി. 4എങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊല്ലിച്ചില്ല; അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുത്; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുത്; ഓരോരുത്തൻ താന്താന്റെ സ്വന്തപാപം നിമിത്തമേ മരിക്കാവൂ എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ. 5എന്നാൽ അമസ്യാവ് യെഹൂദായെ കൂട്ടിവരുത്തി; എല്ലാ യെഹൂദായും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിർത്തി. ഇരുപത് വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നുലക്ഷം എന്നു കണ്ടു. 6അവൻ യിസ്രായേലിൽനിന്നും ഒരുലക്ഷം പരാക്രമശാലികളെ നൂറു താലന്തു വെള്ളി കൊടുത്തു കൂലിക്കു വാങ്ങി. 7എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുത്; യഹോവ യിസ്രായേലിനോടുകൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നെ ഇല്ല. 8നീ തന്നെ ചെന്നു യുദ്ധത്തിൽ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പിൽ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിനു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു. 9അമസ്യാവ് ദൈവപുരുഷനോട്: എന്നാൽ ഞാൻ യിസ്രായേൽപടക്കൂട്ടത്തിനു കൊടുത്ത നൂറു താലന്തിന് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിനു ദൈവപുരുഷൻ: അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവയ്ക്കു കഴിയും എന്നുത്തരം പറഞ്ഞു. 10അങ്ങനെ അമസ്യാവ് അവരെ, എഫ്രയീമിൽനിന്ന് അവന്റെ അടുക്കൽ വന്ന പടക്കൂട്ടത്തെ തന്നെ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിനു വേർതിരിച്ചു; അവരുടെ കോപം യെഹൂദായ്ക്കു നേരേ ഏറ്റവും ജ്വലിച്ചു; അവർ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി. 11അനന്തരം അമസ്യാവ് ധൈര്യപ്പെട്ടു തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ട് ഉപ്പുതാഴ്‌വരയിൽ ചെന്നു സേയീര്യരിൽ പതിനായിരം പേരെ നിഗ്രഹിച്ചു. 12വേറേ പതിനായിരംപേരെ യെഹൂദ്യർ ജീവനോടെ പിടിച്ചു പാറമുകളിൽ കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകർന്നുപോയി. 13എന്നാൽ തന്നോടുകൂടെ യുദ്ധത്തിനു പോരാതെയിരിപ്പാൻ അമസ്യാവ് മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകൾ ശമര്യമുതൽ ബേത്ത്-ഹോരോൻവരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്ന് വളരെ കൊള്ളയിട്ടു.
14എന്നാൽ അമസ്യാവ് എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവൻ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അവയെ തനിക്കു ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവയ്ക്കു ധൂപം കാട്ടുകയും ചെയ്തു. 15അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരേ ജ്വലിച്ച് അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ചു; നിന്റെ കൈയിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചത് എന്ത് എന്ന് അവനോടു പറയിച്ചു. 16അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് അവനോട്: ഞങ്ങൾ നിന്നെ രാജാവിനു മന്ത്രിയാക്കി വച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ട് ചാകുന്നത് എന്തിന് എന്നു പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: നീ എന്റെ ആലോചന കേൾക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
17അനന്തരം യെഹൂദാരാജാവായ അമസ്യാവ് ആലോചന കഴിച്ചിട്ടു യിസ്രായേൽരാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു. 18അതിനു യിസ്രായേൽരാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: ലെബാനോനിലെ മുൾപ്പടർപ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കൽ ആളയച്ചു: നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു. 19എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദായും വീഴുവാൻ തക്കവണ്ണം അനർഥത്തിൽ ഇടപെടുന്നത് എന്തിന്? 20എന്നാൽ അമസ്യാവ് കേട്ടില്ല; അവർ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ട് അവരെ ശത്രുവിന്റെ കൈയിൽ ഏല്പിക്കേണ്ടതിന് അതു ദൈവഹിതത്താൽ സംഭവിച്ചു. 21അങ്ങനെ യിസ്രായേൽരാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദായ്ക്കുള്ള ബേത്ത്-ശേമെശിൽ വച്ചു തമ്മിൽ നേരിട്ടു. 22യെഹൂദാ യിസ്രായേലിനോടു തോറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി. 23യിസ്രായേൽരാജാവായ യോവാശ്, യെഹോവാഹാസിന്റെ മകനായ യോവാശിന്റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശേമെശിൽവച്ചു പിടിച്ചു യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ എഫ്രയീമിന്റെ പടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു. 24അവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട എല്ലാ പൊന്നും വെള്ളിയും സകല പാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്യയിലേക്കു മടങ്ങിപ്പോയി.
25യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു. 26എന്നാൽ അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 27അമസ്യാവ് യഹോവയെ വിട്ടുമാറിയ കാലംമുതൽ അവർ യെരൂശലേമിൽ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി; അതു നിമിത്തം അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ ലാഖീശിലേക്ക് അവന്റെ പിന്നാലെ ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു. 28അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദായുടെ മൂലനഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു.
Currently Selected:
2 ദിനവൃത്താന്തം 25: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.