2 ദിനവൃത്താന്തം 24
24
1യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയ്ക്കു സിബ്യാ എന്നു പേർ. 2യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. 3യെഹോയാദാ അവനു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 4അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവച്ചു. 5അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോട്: യെഹൂദാനഗരങ്ങളിലേക്കു ചെന്ന് നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലാ യിസ്രായേലിലുംനിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിനു ബദ്ധപ്പെട്ടില്ല. 6ആകയാൽ രാജാവ് തലവനായ യെഹോയാദായെ വിളിപ്പിച്ച് അവനോട്: സാക്ഷ്യകൂടാരത്തിനു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദായിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്? 7ദുഷ്ടസ്ത്രീയായ അഥല്യായുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകല നിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു. 8അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ പുറത്തു വച്ചു. 9ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽവച്ച് യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദായിലും യെരൂശലേമിലും പരസ്യംചെയ്തു. 10സകല പ്രഭുക്കന്മാരും സർവജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു. 11ലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്ത് അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വയ്ക്കയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു. 12രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരുമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വച്ചു. 13അങ്ങനെ പണിക്കാർ വേലചെയ്ത് അറ്റകുറ്റം തീർത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു. 14പണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദായുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയംവകയ്ക്ക് ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷയ്ക്കായും ഹോമയാഗത്തിനായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നെ; അവർ യെഹോയാദായുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു. 15യെഹോയാദാ വയോധികനും കാലസമ്പൂർണനുമായി മരിച്ചു; മരിക്കുമ്പോൾ അവനു നൂറ്റിമുപ്പതു വയസ്സായിരുന്നു; 16അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കംചെയ്തു. 17യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവ് അവരുടെ വാക്കു കേട്ടു. 18അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ട് യെഹൂദായുടെമേലും യെരൂശലേമിന്മേലും കോപം വന്നു. 19അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല. 20എന്നാറെ ദൈവത്തിന്റെ ആത്മാവ് യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ വന്നു; അവൻ ജനത്തിനെതിരേ നിന്ന് അവരോടു പറഞ്ഞത്: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നത് എന്ത്? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു. 21എന്നാൽ അവർ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവച്ച് അവനെ കല്ലെറിഞ്ഞു. 22അങ്ങനെ യോവാശ്‍രാജാവ് അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. 23ആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരേ പുറപ്പെട്ടു; അവർ യെഹൂദായിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകല പ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ളയൊക്കെയും ദമ്മേശെക് രാജാവിനു കൊടുത്തയച്ചു. 24അരാമ്യസൈന്യം ആൾ ചുരുക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കൈയിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോട് അവർ ന്യായവിധി നടത്തി. 25അവർ അവനെ വിട്ടുപോയ ശേഷം-മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയത്- യെഹോയാദാപുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാർ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും. 26അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നെ. 27അവന്റെ പുത്രന്മാരുടെയും അവനു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവാലയം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവ് അവനു പകരം രാജാവായി.
Currently Selected:
2 ദിനവൃത്താന്തം 24: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.