2 ദിനവൃത്താന്തം 26
26
1യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിനു പകരം രാജാവാക്കി. 2രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദായ്ക്കു വീണ്ടുകൊണ്ടതും ഇവൻ തന്നെ. 3ഉസ്സീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവനു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു. 4അവൻ തന്റെ അപ്പനായ അമസ്യാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. 5ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്ത് അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി. 6അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ്നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. 7ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു. 8അമ്മോന്യരും ഉസ്സീയാവിനു കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു. 9ഉസ്സീയാവ് യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിത് ഉറപ്പിച്ചു. 10അവനു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവനു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. 11ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിനു പുറപ്പെടും. 12യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകെത്തുക രണ്ടായിരത്തി അറുനൂറ്. 13അവരുടെ അധികാരത്തിൻകീഴിൽ ശത്രുക്കളുടെ നേരേ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറു പേരുള്ള ഒരു സൈന്യബലം ഉണ്ടായിരുന്നു. 14ഉസ്സീയാവ് അവർക്ക്, സർവസൈന്യത്തിനും തന്നെ, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല് എന്നിവ ഉണ്ടാക്കിക്കൊടുത്തു. 15അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വയ്ക്കേണ്ടതിനു കൗശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയമായി അവനു സഹായം ലഭിച്ചതുകൊണ്ട് അവന്റെ ശ്രുതി ബഹുദൂരം പരന്നു.
16എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റംചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു. 17അസര്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എൺപതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തുചെന്ന് 18ഉസ്സീയാരാജാവിനെ തടുത്ത് അവനോട്: ഉസ്സീയാവേ, യഹോവയ്ക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നത്; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു. 19ധൂപം കാട്ടുവാൻ കൈയിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽതന്നെ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെവച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി. 20മഹാപുരോഹിതനായ അസര്യാവും സകല പുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ട് അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ട് അവൻ തന്നെയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു. 21അങ്ങനെ ഉസ്സീയാരാജാവ് ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിനു ന്യായപാലനം ചെയ്തുവന്നു. 22ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു. 23ഉസ്സീയാവ് അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞ് അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവനു പകരം രാജാവായി.
Currently Selected:
2 ദിനവൃത്താന്തം 26: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.