YouVersion Logo
Search Icon

LEVITICUS 19

19
വിശുദ്ധിയും നീതിയും സംബന്ധിച്ച നിയമങ്ങൾ
1സർവേശ്വരൻ മോശയോടരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തിന്റെ സർവസഭയോടും പറയുക, നിങ്ങളുടെ ദൈവവും സർവേശ്വരനുമായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരായിരിക്കണം. 3നിങ്ങൾ ഓരോരുത്തനും സ്വന്തം മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം. എന്റെ ശബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 4വിഗ്രഹങ്ങളെ ആരാധിക്കരുത്; നിങ്ങൾക്കുവേണ്ടി ദേവന്മാരെ വാർത്തുണ്ടാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.
5സർവേശ്വരന് സമാധാനയാഗം അർപ്പിക്കുമ്പോൾ നിങ്ങൾ സ്വീകാര്യമാകുംവിധം അത് അർപ്പിക്കണം. 6അർപ്പിക്കുന്ന ദിവസമോ, അടുത്ത ദിവസമോ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്കു ശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം. 7ശേഷിച്ചതു മൂന്നാം ദിവസം ഭക്ഷിക്കുന്നത് നിന്ദ്യമാകുന്നു. അത് സ്വീകാര്യമല്ല. 8അതു ഭക്ഷിക്കുന്നവൻ സർവേശ്വരനു വിശുദ്ധമായതിനെ നിന്ദിച്ചതിനാൽ കുറ്റവാളിയാണ്. ജനത്തിൽനിന്ന് അവൻ ബഹിഷ്കരിക്കപ്പെടണം.
9നിലം കൊയ്യുമ്പോൾ അതിരു തീർത്തു കൊയ്യരുത്; 10കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ അവസാനത്തെ മുന്തിരിക്കുലവരെയും പറിച്ചെടുക്കരുത്. കൊഴിഞ്ഞു വീണത് പെറുക്കുകയുമരുത്. ദരിദ്രർക്കും പരദേശികൾക്കുമായി അവ ഉപേക്ഷിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 11മോഷ്‍ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്. 12നിങ്ങൾ സത്യവിരുദ്ധമായി എന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്ത് നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദ്യമാക്കരുത്. ഞാൻ സർവേശ്വരനാകുന്നു. 13നിന്റെ അയൽക്കാരനെ പീഡിപ്പിക്കുകയോ കവർച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്റെ കൂലി കൊടുക്കാൻ പിറ്റന്നാൾ വരെ കാത്തിരിക്കരുത്. 14ബധിരനെ ശപിക്കരുത്; അന്ധന്റെ വഴിയിൽ തടസ്സം വയ്‍ക്കരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാൻ സർവേശ്വരനാകുന്നു. 15അനീതിയായി വിധിക്കരുത്; ദരിദ്രന്റെ പക്ഷം പിടിക്കുകയോ, ധനവാനു കീഴ്‌വഴങ്ങുകയോ ചെയ്യാതെ അയൽക്കാരനു നീതി നടത്തിക്കൊടുക്കുക. ഏഷണി പറഞ്ഞു നടക്കരുത്. 16അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു. 17സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയൽക്കാരന്റെ പാപം നിന്റെമേൽ വരാതിരിക്കാൻ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ അതിന്റെ പാപം നിന്റെമേലായിരിക്കും. 18സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലർത്തുകയോ അരുത്. അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാൻ സർവേശ്വരനാകുന്നു. 19എന്റെ കല്പനകൾ നിങ്ങൾ അനുസരിക്കണം. നിങ്ങളുടെ കന്നുകാലികളെ മറ്റിനം മൃഗങ്ങളുമായി ഇണചേർക്കരുത്. നിലത്തിൽ രണ്ടു തരം വിത്തു വിതയ്‍ക്കരുത്. രണ്ടു തരം തുണികൊണ്ടുള്ള വസ്ത്രം ധരിക്കരുത്. 20ഒരുവനുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടുള്ളവളും എന്നാൽ വീണ്ടെടുക്കപ്പെടുകയോ, സ്വതന്ത്രയാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവളുമായ അടിമയെ ഒരുവൻ പ്രാപിച്ചാൽ അവരെ വിചാരണ ചെയ്തു ശിക്ഷിക്കണം. എന്നാൽ അവൾ അസ്വതന്ത്രയാകയാൽ അവർക്കു വധശിക്ഷ നല്‌കരുത്. 21അവൻ സർവേശ്വരനു പ്രായശ്ചിത്തയാഗമായി തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ഒരു ആണാടിനെ കൊണ്ടുവരണം. 22പുരോഹിതൻ സർവേശ്വരസന്നിധിയിൽ പാപപരിഹാരയാഗത്തിനുള്ള ആടിനെ അർപ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവന്റെ പാപം ക്ഷമിക്കപ്പെടും. 23നിങ്ങൾ കനാൻദേശത്തു ചെന്ന് എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിക്കുമ്പോൾ മൂന്നു വർഷത്തേക്ക് അവയുടെ ഫലം വിലപ്പെട്ടതായി കരുതണം; അവ ഭക്ഷിക്കരുത്. 24നാലാം വർഷത്തെ ഫലം നന്ദിസൂചകമായി സർവേശ്വരനു സമർപ്പിക്കണം. 25അഞ്ചാം വർഷം അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാം. നിങ്ങൾക്ക് സമൃദ്ധമായ വിളവു ലഭിക്കും. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 26രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. ശകുനം നോക്കരുത്. മന്ത്രവാദം ചെയ്യരുത്. 27നിങ്ങളുടെ തലമുടി ചുറ്റും വടിക്കരുത്. താടിമീശയുടെ അഗ്രം മുറിക്കരുത്. 28മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാൻ സർവേശ്വരനാകുന്നു. 29നിങ്ങളുടെ പുത്രിമാരെ വേശ്യാവൃത്തിക്കു വിടരുത്. അങ്ങനെ ചെയ്താൽ ദേശം വേശ്യാവൃത്തികൊണ്ട് അശുദ്ധമായി അധർമം നിറയും. 30എന്റെ ശബത്തുകൾ ആചരിക്കുകയും വിശുദ്ധമന്ദിരത്തോട് ആദരം കാണിക്കുകയും ചെയ്യുവിൻ. ഞാൻ സർവേശ്വരനാകുന്നു. 31വെളിച്ചപ്പാടുകളുടെയോ, മന്ത്രവാദികളുടെയോ അടുത്തുപോയി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ ഉപദേശം തേടുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 32പ്രായം ചെന്നു തല നരച്ചവരുടെ മുമ്പിൽ എഴുന്നേറ്റു നിന്ന് ആദരം കാണിക്കണം. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ സർവേശ്വരനാകുന്നു. 33നിങ്ങളുടെ ദേശത്തു പാർക്കുന്ന പരദേശിയെ ദ്രോഹിക്കരുത്. 34അവനെ സ്വദേശിയെപ്പോലെ കരുതി നിന്നെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങളും ഈജിപ്തിൽ പരദേശികളായിരുന്നുവല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 35വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്. 36ശരിയായ തുലാസും കട്ടിയും അളവുകളും ഉപയോഗിക്കണം. നിങ്ങളെ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചുകൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 37എന്റെ എല്ലാ ചട്ടങ്ങളും പ്രമാണങ്ങളും നിങ്ങൾ പാലിക്കണം; ഞാൻ സർവേശ്വരനാകുന്നു”.

Currently Selected:

LEVITICUS 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in