YouVersion Logo
Search Icon

LEVITICUS 20

20
അനുസരണക്കേടിനുള്ള ശിക്ഷ
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തോടു പറയുക, ഇസ്രായേൽജനത്തിലോ അവരുടെ ഇടയിൽ താമസിക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ കുട്ടിയെ മോലേക്കിനു ബലിയർപ്പിച്ചാൽ അവൻ വധശിക്ഷയ്‍ക്ക് അർഹനാണ്. ദേശവാസികൾ അവനെ കല്ലെറിഞ്ഞു കൊല്ലണം. 3എന്റെ മന്ദിരവും വിശുദ്ധനാമവും അശുദ്ധമാക്കിക്കൊണ്ട് മോലേക്കിനു തന്റെ മക്കളെ ബലിയർപ്പിക്കുന്നവനെ ഞാൻ ദ്വേഷിക്കുന്നു; അവനെ ഞാൻ സമൂഹത്തിൽനിന്നു ബഹിഷ്കരിക്കും. 4അവന്റെ തെറ്റ് കണ്ടില്ലെന്നു നടിച്ച് ജനം അവനെ വധിക്കാതിരുന്നാൽ അവനെയും അവന്റെ കുടുംബത്തെയും ഞാൻ ദ്വേഷിക്കും. 5അവനോടുകൂടെ മോലേക്കിനെ ആരാധിച്ച് എന്നോട് അവിശ്വസ്തത കാണിച്ച എല്ലാവർക്കും എതിരായി ഞാൻ മുഖം തിരിച്ചു സ്വന്തജനത്തിന്റെ ഇടയിൽനിന്ന് അവരെ ബഹിഷ്കരിക്കും. 6വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും പിന്നാലെ പോയി അവിശ്വസ്തത കാണിക്കുന്നവനെ ഞാൻ ദ്വേഷിക്കുന്നു. അവനെ ഞാൻ സമൂഹഭ്രഷ്ടനാക്കും. 7അതിനാൽ നിങ്ങൾ സ്വയം ശുദ്ധീകരിച്ചു വിശുദ്ധരാകുവിൻ. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. 8എന്റെ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക. ഞാനാണു നിങ്ങളെ ശുദ്ധീകരിക്കുന്ന സർവേശ്വരൻ. 9മാതാപിതാക്കളെ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം. തന്റെ മരണത്തിന് അവൻതന്നെ ഉത്തരവാദി. 10ഒരുവൻ തന്റെ അയൽക്കാരന്റെ ഭാര്യയുമൊത്തു ശയിച്ചാൽ ഇരുവരും വധിക്കപ്പെടണം. 11പിതൃപത്നിയുമൊത്തു ശയിക്കുന്നവൻ പിതാവിനെ അപമാനിക്കുകയാണ്. അവർ രണ്ടു പേരും വധിക്കപ്പെടണം. അവർ തന്നെ അതിന് ഉത്തരവാദികൾ. 12ഒരാൾ മകന്റെ ഭാര്യയുമൊത്തു ശയിച്ചാൽ ഇരുവരും വധിക്കപ്പെടണം. അവർ നിന്ദ്യബന്ധത്തിൽ ഏർപ്പെട്ടുവല്ലോ. അവർ തന്നെ തങ്ങളുടെ വധശിക്ഷയ്‍ക്ക് ഉത്തരവാദികൾ. 13സ്‍ത്രീയോടെന്നപോലെ പുരുഷനുമായി ഒരുവൻ ശയിച്ചാൽ അത് നിന്ദ്യമാണ്. രണ്ടു പേരെയും വധിക്കണം. അവർ തന്നെ ശിക്ഷയ്‍ക്ക് ഉത്തരവാദികൾ. 14ഒരുവൻ ഭാര്യയോടൊപ്പം ഭാര്യാമാതാവിനെയും പരിഗ്രഹിച്ചാൽ അതു നിന്ദ്യമാകുന്നു. നിങ്ങളുടെ ഇടയിൽ ഇത്തരം ദുഷ്കർമം ഇല്ലാതാകാൻ അവർ മൂന്നു പേരെയും ദഹിപ്പിച്ചുകളയണം. 15മൃഗത്തെ പ്രാപിക്കുന്നവനെ വധിക്കണം. ആ മൃഗത്തെയും കൊല്ലണം. 16മൃഗത്തെ പ്രാപിക്കുന്ന സ്‍ത്രീയെയും ആ മൃഗത്തെയും കൊന്നുകളയണം. തങ്ങളുടെ മരണത്തിനുത്തരവാദികൾ അവർ തന്നെ. 17മാതാവിന്റെയോ പിതാവിന്റെയോ മകളായ സഹോദരിയെ പ്രാപിച്ചു പരസ്പരം നഗ്നത കാണുന്നത് നികൃഷ്ടമാണ്. സ്വന്തജനം കാൺകെ അവരെ സംഹരിക്കണം. അവൻ സഹോദരിയെ അപമാനിച്ചതിനാൽ ശിക്ഷ അനുഭവിക്കണം. 18ഒരുവൻ ഋതുവായ സ്‍ത്രീയോടുകൂടി ശയിച്ചാൽ അവർ ശുദ്ധീകരണനിയമം ലംഘിച്ചതുകൊണ്ട് ഇരുവർക്കും ഭ്രഷ്ടു കല്പിക്കണം. 19പിതൃസഹോദരിയെയോ മാതൃസഹോദരിയെയോ പ്രാപിച്ചാൽ അവർ ഉറ്റ ബന്ധുക്കളാകയാൽ ഇരുവരും ശിക്ഷാർഹരാണ്. 20പിതൃസഹോദരന്റെയോ മാതൃസഹോദരന്റെയോ ഭാര്യയെ പ്രാപിച്ചാൽ അവർ രണ്ടു പേരും കുറ്റവാളികളാണ്. അവർ സന്തതിയില്ലാതെ മരിക്കണം. 21സഹോദരന്റെ ഭാര്യയെ പ്രാപിക്കുന്നത് അവിശുദ്ധമാണ്; അതു സഹോദരനെ അപമാനിക്കലാണ്. അവരും സന്തതിയില്ലാതെ മരിക്കണം.
22ഞാൻ നിങ്ങളെ ആനയിച്ച് അധിവസിപ്പിക്കുന്ന ദേശത്തുനിന്നു നിങ്ങൾ ബഹിഷ്കൃതരാകാതെയിരിക്കാൻ എന്റെ എല്ലാ ചട്ടങ്ങളും കല്പനകളും അനുസരിച്ചു പ്രവർത്തിക്കുക. 23ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ദേശക്കാരുടെ ചട്ടങ്ങൾ നിങ്ങൾ അനുസരിക്കരുത്. അവർ പാലിച്ച ചട്ടങ്ങളെപ്രതി ഞാൻ അവരെ വെറുക്കുന്നു. 24അവരുടെ ദേശം നിങ്ങൾ കൈവശമാക്കുമെന്നും പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾക്ക് അവകാശമായി നല്‌കുമെന്നും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. ഇതര ജനതകളിൽനിന്നു നിങ്ങളെ വേർതിരിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാനാകുന്നു. 25അതുകൊണ്ട് ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും, ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും നിങ്ങൾ വിവേചിക്കണം. അശുദ്ധമായ പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയാൽ നിങ്ങളെത്തന്നേ അറപ്പാക്കരുത്. 26എന്റെ സ്വന്ത ജനമായിരിക്കാൻവേണ്ടി ഇതര ജനതകളിൽനിന്നു നിങ്ങളെ വേർതിരിക്കുന്ന സർവേശ്വരനായ ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക.
27വെളിച്ചപ്പാടുകളോ, മന്ത്രവാദികളോ ആയ സ്‍ത്രീപുരുഷന്മാർ വധിക്കപ്പെടണം. നിങ്ങൾ അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ മരണത്തിനുത്തരവാദികൾ അവർ തന്നെയാണ്.

Currently Selected:

LEVITICUS 20: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy