LEVITICUS 21
21
പൗരോഹിത്യവിശുദ്ധി
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: 3ഏറ്റവും അടുത്ത ചാർച്ചക്കാരായ മാതാവ്, പിതാവ്, പുത്രൻ, പുത്രി, സഹോദരൻ, അവിവാഹിതയായ സഹോദരി എന്നിവരൊഴികെ ആരുടെയും മൃതശരീരത്തെ സ്പർശിച്ചു നിങ്ങൾ അശുദ്ധരാകരുത്. 4ജനത്തിനു നായകനായ അവൻ അശുദ്ധനാകരുതല്ലോ. 5പുരോഹിതന്മാർ ദുഃഖസൂചകമായി തല മുണ്ഡനം ചെയ്യുകയോ താടിയുടെ അരികു വടിക്കുകയോ ശരീരത്തിൽ മുറിവുണ്ടാക്കുകയോ ചെയ്യരുത്. 6ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ, അവർ തങ്ങളുടെ ദൈവത്തിനുവേണ്ടി വിശുദ്ധരായിരിക്കണം. അവരാണല്ലോ സർവേശ്വരനു ദഹനയാഗങ്ങളും കാഴ്ചയപ്പങ്ങളും അർപ്പിക്കുന്നത്. 7പുരോഹിതൻ ദൈവത്തിനു വിശുദ്ധനായതിനാൽ വേശ്യയെയോ, അശുദ്ധി വന്നവളെയോ, പരിത്യക്തയെയോ വിവാഹം ചെയ്യരുത്. 8നിന്റെ ദൈവത്തിനു കാഴ്ചയപ്പം അർപ്പിക്കുന്നവനായതുകൊണ്ട് പുരോഹിതനെ വിശുദ്ധീകരിച്ചു വേർതിരിക്കണം. അവൻ നിങ്ങൾക്കുവേണ്ടിയും വിശുദ്ധനായിരിക്കണം. നിങ്ങളെ വിശുദ്ധീകരിക്കുന്ന സർവേശ്വരനായ ഞാൻ വിശുദ്ധനാകുന്നു. 9പുരോഹിതപുത്രി വേശ്യാവൃത്തിയിലേർപ്പെട്ടാൽ അവൾ പിതാവിനെയും അശുദ്ധനാക്കുകയാണ്. അവളെ ദഹിപ്പിച്ചുകളയണം.
10അഭിഷേകതൈലം തലയിൽ വീണിട്ടുള്ളവനും പൗരോഹിത്യവസ്ത്രം ധരിക്കുന്നതിനു പ്രതിഷ്ഠിക്കപ്പെട്ടവനുമായ മഹാപുരോഹിതൻ തലമുടി കോതാതെ വൃത്തികേടായി ഇടരുത്; വസ്ത്രം കീറുകയും അരുത്. 11പിതാവിന്റെയോ മാതാവിന്റെയോ ആയാൽപോലും മൃതശരീരത്തെ സമീപിച്ച് അവൻ അശുദ്ധനാകരുത്. 12പുരോഹിതൻ വിശുദ്ധമന്ദിരത്തിനു പുറത്തു പോകുകയോ തന്റെ ദൈവത്തിന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. തന്റെ ദൈവത്തിന്റെ അഭിഷേകതൈലത്താൽ അവൻ വേർതിരിക്കപ്പെട്ടവനാണല്ലോ. ഞാൻ സർവേശ്വരനാകുന്നു. 13കന്യകയെ മാത്രമേ അവൻ വിവാഹം ചെയ്യാവൂ. 14വിധവയെയോ, വിവാഹമോചനം നടത്തിയവളെയോ, അശുദ്ധയായി തീർന്നിട്ടുള്ളവളെയോ, വേശ്യയെയോ വിവാഹം ചെയ്യരുത്. സ്വജനത്തിൽനിന്ന് ഒരു കന്യകയെത്തന്നെ വിവാഹം ചെയ്യണം. 15അങ്ങനെ അവൻ സ്വന്തം മക്കളെ സ്വജനമധ്യേ പവിത്രരായി സൂക്ഷിക്കട്ടെ. ഞാൻ അവനെ ശുദ്ധീകരിക്കുന്ന സർവേശ്വരനാകുന്നു.
16സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: അഹരോനോടു പറയുക, 17നിന്റെ പിൻതലമുറക്കാരിൽ അംഗവൈകല്യമുള്ള ആരും ദൈവത്തിനു കാഴ്ചയപ്പം അർപ്പിക്കരുത്. 18അന്ധൻ, മുടന്തൻ, വികലമുഖൻ, അംഗത്തിനു ക്രമത്തിലേറെ നീളമുള്ളവൻ, 19കൈയോ കാലോ ഒടിഞ്ഞവൻ, 20കൂനൻ, മുണ്ടൻ, വിരൂപാക്ഷൻ, ചർമരോഗി, ഷണ്ഡൻ എന്നിങ്ങനെ വൈകല്യമുള്ള ആരും അടുത്തുവരരുത്. 21പുരോഹിതനായ അഹരോന്റെ പിൻഗാമികളിൽ അംഗവൈകല്യമുള്ള ആരും സർവേശ്വരനു ദഹനയാഗങ്ങളർപ്പിക്കാൻ അടുത്തുവരരുത്. 22എനിക്കു സമർപ്പിച്ച വിശുദ്ധവും അതിവിശുദ്ധവുമായ ഭോജ്യം അവർക്കു ഭക്ഷിക്കാം. 23എന്നാൽ അംഗവൈകല്യമുള്ളവൻ തിരശ്ശീലയുടെയോ യാഗപീഠത്തിന്റെയോ അടുത്തുവന്ന് എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കരുത്. ഞാൻ അവയെ ശുദ്ധീകരിക്കുന്ന സർവേശ്വരനാകുന്നു”. 24മോശ ഇവയെല്ലാം അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേൽജനത്തോടും പറഞ്ഞു.
Currently Selected:
LEVITICUS 21: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.