LEVITICUS 22
22
വഴിപാടുകളുടെ വിശുദ്ധി
1ദൈവം മോശയോട് അരുളിച്ചെയ്തു: 2“എന്റെ വിശുദ്ധനാമം അശുദ്ധമാകാതിരിക്കാൻ ഇസ്രായേൽജനം എനിക്കർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ ശുദ്ധമായി കൈകാര്യം ചെയ്യണം എന്ന് അഹരോനോടും പുത്രന്മാരോടും പറയുക. ഞാൻ സർവേശ്വരനാകുന്നു. 3നിന്റെ പിൻഗാമികളിൽ ആരെങ്കിലും അശുദ്ധനായിരിക്കെ ഇസ്രായേൽജനം സർവേശ്വരനർപ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാൽ അവനെ എന്റെ സന്നിധിയിൽനിന്നു ബഹിഷ്കരിക്കണം. ഞാൻ സർവേശ്വരനാകുന്നു. 4അഹരോന്റെ വംശത്തിൽപ്പെട്ട ആരെങ്കിലും കുഷ്ഠരോഗത്താലോ, ശുക്ലസ്രവത്താലോ അശുദ്ധനായിത്തീർന്നാൽ വീണ്ടും ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കൾ ഭക്ഷിക്കരുത്. ശവശരീരത്തെയോ, ശുക്ലസ്ഖലനമുള്ളവനെയോ, 5അശുദ്ധിയുള്ള ഇഴജന്തുവിനെയോ ഏതെങ്കിലുംവിധം അശുദ്ധിയുണ്ടായ മനുഷ്യനെയോ സ്പർശിച്ച് അശുദ്ധനായിത്തീരുന്നവനും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. 6കുളിച്ചു ശുദ്ധനായതിനു ശേഷമേ വിശുദ്ധവസ്തുക്കൾ ഭക്ഷിക്കാവൂ. 7സന്ധ്യയാകുമ്പോൾ അവൻ ശുദ്ധനായിരിക്കും. പിന്നീട് അവനു വിശുദ്ധഭോജനം കഴിക്കാം. അത് അവന്റെ ആഹാരമാണല്ലോ. 8ചത്തതോ മറ്റു മൃഗങ്ങൾ കടിച്ചു കീറി കൊന്നതോ ആയ മൃഗത്തിന്റെ മാംസം ഭക്ഷിച്ച് അശുദ്ധനാകരുത്. ഞാൻ സർവേശ്വരനാകുന്നു. 9അവർ എന്റെ കല്പനകൾ പാലിക്കണം; അവ ലംഘിച്ചു നിന്ദിച്ചാൽ അതു മാരകപാപമായിരിക്കും. അവരെ ശുദ്ധീകരിക്കുന്ന ഞാനാകുന്നു സർവേശ്വരൻ. 10അന്യർ ആരും വിശുദ്ധവസ്തുക്കൾ ഭക്ഷിച്ചുകൂടാ. പുരോഹിതന്റെ കൂടെ വന്നു പാർക്കുന്നവനോ വേലക്കാരനോ അവ ഭക്ഷിക്കരുത്. 11എന്നാൽ പുരോഹിതൻ വിലയ്‍ക്കു വാങ്ങുകയോ അവന്റെ ഭവനത്തിൽ ജനിച്ചതോ ആയ അടിമയ്‍ക്ക് അവ ഭക്ഷിക്കാം. 12അന്യകുടുംബത്തിൽ വിവാഹം ചെയ്തയച്ച പുരോഹിതപുത്രി വിശുദ്ധാർപ്പണവസ്തു ഭക്ഷിക്കരുത്. 13എന്നാൽ പുരോഹിതപുത്രി വിധവയോ വിവാഹമുക്തയോ ആയി മക്കളില്ലാതെ പിതൃഭവനത്തിൽ മടങ്ങിവന്ന് ബാല്യകാലത്തെന്നപോലെ പാർത്താൽ അവൾക്ക് പിതാവിന്റെ ഓഹരിയിൽനിന്നു ഭക്ഷിക്കാം. അന്യരാരും അതു ഭക്ഷിക്കരുത്. 14ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാൽ അതിന്റെ വില അഞ്ചിലൊന്നുകൂടി ചേർത്തു പുരോഹിതനെ ഏല്പിക്കണം. 15ഇസ്രായേൽജനം സർവേശ്വരന് അർപ്പിച്ച വിശുദ്ധവസ്തുക്കൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്. 16അങ്ങനെ അവർ അർപ്പിച്ച വിശുദ്ധവസ്തുക്കൾ ഭക്ഷിക്കുന്നതിലൂടെ അവരെ അപരാധികളാക്കരുത്. അവരെ ശുദ്ധീകരിക്കുന്ന സർവേശ്വരൻ ഞാനാകുന്നു”.
17സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 18അഹരോനോടും പുത്രന്മാരോടും ഇസ്രായേലിലെ സകല ജനത്തോടും പറയുക, ഇസ്രായേല്യനോ അവരുടെ ഇടയിൽ പാർക്കുന്ന പരദേശിയോ നേർച്ചയായോ സ്വമേധാദാനമായോ സർവേശ്വരനുള്ള ഹോമയാഗമായി വഴിപാട് അർപ്പിക്കുമ്പോൾ 19അതു സ്വീകാര്യമാകണമെങ്കിൽ മാടുകളിലോ, ചെമ്മരിയാടുകളിലോ, കോലാടുകളിലോ നിന്നു തിരഞ്ഞെടുത്ത കുറ്റമറ്റ ആൺമൃഗമായിരിക്കണം. 20ന്യൂനതയുള്ള മൃഗത്തെ അർപ്പിക്കരുത്, അതു സ്വീകാര്യമായിരിക്കുകയില്ല. 21നേർച്ചയോ, സ്വമേധാദാനമോ ആകട്ടെ, സമാധാനയാഗമായി കാളയെയോ, ആടിനെയോ, അർപ്പിക്കുന്നതും സ്വീകാര്യമാകണമെങ്കിൽ അതു കുറ്റമറ്റ മൃഗമായിരിക്കണം. 22കാഴ്ചയില്ലാത്തതോ അംഗവൈകല്യമുള്ളതോ, മുറിവ്, വ്രണം, ചൊറി, വീക്കം ഇവയിലേതെങ്കിലും ഉള്ളതോ ആയ ഒരു മൃഗത്തെയും സർവേശ്വരന് അർപ്പിക്കരുത്; അവയെ അവിടുത്തെ യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കുകയും അരുത്. 23അവയവങ്ങൾക്ക് നീളം കൂടുതലോ, കുറവോ ഉള്ള കാളയെയോ ആട്ടിൻകുട്ടിയെയോ സ്വമേധാദാനമായി അർപ്പിക്കാം. എന്നാൽ നേർച്ചയായി അതു സ്വീകാര്യമല്ല. 24വൃഷണം ഉടച്ചതോ ചതച്ചതോ പറിച്ചെടുത്തതോ ഛേദിച്ചതോ ആയ ഒരു മൃഗത്തെയും സർവേശ്വരന് അർപ്പിക്കരുത്. നിങ്ങളുടെ ദേശത്തുവച്ച് അവയെ യാഗം കഴിക്കരുത്. 25പരദേശിയിൽനിന്നു ലഭിച്ച അത്തരം മൃഗത്തെ ദൈവത്തിനു ഭോജനമായി അർപ്പിക്കരുത്. അത് അംഗഭംഗമുള്ളതും ന്യൂനതയുള്ളതുമാകയാൽ സ്വീകാര്യമാവുകയില്ല.
26സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 27“ഒരു കാളയോ, ചെമ്മരിയാടോ, കോലാടോ പിറന്നാൽ ഏഴു ദിവസം അതു തള്ളയുടെ കൂടെ നില്‌ക്കട്ടെ. എട്ടാം ദിവസം മുതൽ സർവേശ്വരനു സ്വീകാര്യമായ ദഹനയാഗമായി അതിനെ അർപ്പിക്കാം. 28പശുവോ പെണ്ണാടോ ആകട്ടെ, തള്ളയെയും കുഞ്ഞിനെയും ഒരേ ദിവസം കൊല്ലരുത്. 29നീ അർപ്പിക്കുന്ന സ്തോത്രയാഗം സർവേശ്വരനു സ്വീകാര്യമാകുംവിധം അർപ്പിക്കണം. 30അത് അന്നുതന്നെ ഭക്ഷിക്കണം. പിറ്റേദിവസത്തേക്ക് അല്പംപോലും അവശേഷിപ്പിക്കരുത്. ഞാൻ സർവേശ്വരനാകുന്നു. 31നിങ്ങൾ എന്റെ കല്പനകൾ പാലിക്കണം. ഞാൻ സർവേശ്വരനാകുന്നു. 32എന്റെ വിശുദ്ധനാമം ഇസ്രായേൽജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്. അതു വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന സർവേശ്വരനാകുന്നു. 33നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു ഞാനാണ് നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നത്. ഞാനാകുന്നു സർവേശ്വരൻ”.
Currently Selected:
LEVITICUS 22: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.