YouVersion Logo
Search Icon

THUHRILTU 3

3
ഓരോന്നിനും ഓരോ സമയം
1ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിൻ കീഴിലുള്ള എല്ലാറ്റിനും അതതിന്റെ സമയമുണ്ട്. 2ജനിക്കാൻ ഒരു സമയം, മരിക്കാൻ ഒരു സമയം; നടാൻ ഒരു സമയം, നട്ടതു പറിച്ചെടുക്കാൻ ഒരു സമയം; കൊല്ലുവാൻ ഒരു സമയം, സുഖപ്പെടുത്താൻ ഒരു സമയം; 3പൊളിച്ചുകളയാൻ ഒരു സമയം, പണിയാൻ ഒരു സമയം; 4കരയാൻ ഒരു സമയം, ചിരിക്കാൻ ഒരു സമയം; വിലപിക്കാൻ ഒരു സമയം, 5നൃത്തംചെയ്യാൻ ഒരു സമയം; കല്ലു പെറുക്കിക്കളയാൻ ഒരു സമയം, കല്ലു പെറുക്കിക്കൂട്ടാൻ ഒരു സമയം; ആലിംഗനം ചെയ്യാൻ ഒരു സമയം, ആലിംഗനം ചെയ്യാതിരിക്കാൻ ഒരു സമയം; 6നേടാൻ ഒരു സമയം, നഷ്ടപ്പെടുത്താൻ ഒരു സമയം; 7സൂക്ഷിച്ചുവയ്‍ക്കാൻ ഒരു സമയം, എറിഞ്ഞുകളയാൻ ഒരു സമയം; കീറാൻ ഒരു സമയം, തുന്നാൻ ഒരു സമയം; നിശബ്ദമായിരിക്കാൻ ഒരു സമയം, സംസാരിക്കാൻ ഒരു സമയം; 8സ്നേഹിക്കാൻ ഒരു സമയം, ദ്വേഷിക്കാൻ ഒരു സമയം; യുദ്ധത്തിന് ഒരു സമയം, സമാധാനത്തിന് ഒരു സമയം; 9പ്രയത്നിക്കുന്നവനു തന്റെ പ്രയത്നംകൊണ്ട് എന്തു ലാഭം? 10ദൈവം മനുഷ്യനു നല്‌കിയ ക്ലേശകരമായ ജോലി ഞാൻ കണ്ടു. 11ദൈവം ഓരോന്നിനെയും അതതിന്റെ സമയത്തു മനോഹരമായി സൃഷ്‍ടിച്ചിരിക്കുന്നു; മനുഷ്യമനസ്സിൽ നിത്യതയെക്കുറിച്ചുള്ള ബോധവും പ്രതിഷ്ഠിച്ചു. എന്നിട്ടും ദൈവത്തിന്റെ പ്രവൃത്തികൾ ആദ്യന്തം ഗ്രഹിക്കാൻ അവനു കഴിയുന്നില്ല. 12ജീവിക്കുന്നിടത്തോളം സന്തോഷിക്കുകയും സുഖിക്കുകയും ചെയ്യുന്നതിലധികം അഭികാമ്യമായി മനുഷ്യർക്കു വേറൊന്നുമില്ലെന്നു ഞാൻ അറിയുന്നു. 13ദൈവം മനുഷ്യനു നല്‌കിയ ദാനമാണു ഭക്ഷിക്കാനും പാനം ചെയ്യാനും തന്റെ പ്രയത്നങ്ങളിൽ ആനന്ദിക്കാനുമുള്ള അവന്റെ കഴിവ്. 14ദൈവം ചെയ്യുന്നതെല്ലാം ശാശ്വതമെന്നു ഞാനറിയുന്നു. അവയോട് എന്തെങ്കിലും കൂട്ടാനോ കുറയ്‍ക്കാനോ സാധ്യമല്ല; മനുഷ്യനു ദൈവത്തോടു ഭയഭക്തി ഉണ്ടാകാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തിരിക്കുന്നത്. 15ഇപ്പോഴുള്ളതു പണ്ടേ ഉണ്ടായിരുന്നതാണ്; ഉണ്ടാകാനിരിക്കുന്നതും ഉണ്ടായിരുന്നതുതന്നെ; പൊയ്പോയതിനെയെല്ലാം ദൈവം യഥാസമയം തിരിച്ചുകൊണ്ടുവരും. 16ഇതിനെല്ലാം ഉപരി സൂര്യനു കീഴിൽ ന്യായവും നീതിയും പുലരേണ്ടിടത്ത് അധർമം തഴയ്‍ക്കുന്നതു ഞാൻ കണ്ടു. 17എല്ലാ കാര്യങ്ങൾക്കും എല്ലാ പ്രവൃത്തികൾക്കും അവിടുന്നു സമയം നിശ്ചയിച്ചിട്ടുണ്ടല്ലോ; അതുകൊണ്ടു ദൈവം നീതിമാനെയും ദുഷ്ടനെയും വിധിക്കുമെന്നു ഞാൻ നിരൂപിച്ചു. 18മനുഷ്യൻ മൃഗത്തിൽ കവിഞ്ഞൊന്നുമല്ലെന്ന് അവനെ ബോധ്യപ്പെടുത്താൻ ദൈവം അവനെ പരീക്ഷിക്കുകയാണെന്നു ഞാൻ ചിന്തിച്ചു. 19കാരണം മനുഷ്യരുടെയും മൃഗങ്ങളുടെയും ഗതി ഒന്നു തന്നെ; മൃഗങ്ങൾ ചാകുന്നു; മനുഷ്യനും ചാകുന്നു. ഇരുകൂട്ടർക്കും ശ്വാസം ഒന്നുതന്നെ. മനുഷ്യനു മൃഗത്തെക്കാൾ മേന്മ ഒന്നുമില്ല; എല്ലാം മിഥ്യ തന്നെ. 20എല്ലാവരുടെയും പോക്ക് ഒരേ സ്ഥലത്തേക്കാണ്. എല്ലാവരും പൂഴിയിൽനിന്നു ജനിച്ചു; പൂഴിയിലേക്കുതന്നെ മടങ്ങുന്നു. 21മനുഷ്യന്റെ പ്രാണൻ മേലോട്ടും മൃഗത്തിന്റെ പ്രാണൻ താഴെ ഭൂമിയിലേക്കും ആണോ പോകുന്നത്? ആർക്കറിയാം? 22അതുകൊണ്ടു തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതിൽ കവിഞ്ഞു മനുഷ്യനു മെച്ചമായി ഒന്നുമില്ലെന്നു ഞാൻ കണ്ടു. അതാണ് അവന്റെ ഗതി. അവന്റെ കാലശേഷം എന്തു സംഭവിക്കുമെന്നു കാണാൻ ആരെങ്കിലും അവനെ തിരിച്ചു കൊണ്ടുവരുമോ?

Currently Selected:

THUHRILTU 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in