THUHRILTU 2
2
ലൗകികസുഖങ്ങൾ വ്യർഥം
1ഞാൻ എന്നോടുതന്നെ പറഞ്ഞു: “സുഖഭോഗങ്ങളിൽ ഞാൻ മുഴുകട്ടെ; അതിന്റെ ആനന്ദം അനുഭവിക്കട്ടെ.” 2എന്നാൽ അതും മിഥ്യതന്നെ; ചിരിയെ ഞാൻ ഭ്രാന്തെന്നു വിളിക്കുന്നു; സുഖഭോഗങ്ങളെ വ്യർഥതയെന്നും. 3വീഞ്ഞുകൊണ്ടു ശരീരത്തെ സുഖിപ്പിക്കുന്നതെങ്ങനെയെന്നു ഞാൻ നോക്കി; ഭോഷത്തത്തെ ഞാൻ പുണർന്നു. അപ്പോഴും ജ്ഞാനത്തെ ഞാൻ കൈവിട്ടുകളഞ്ഞില്ല. മനുഷ്യന്റെ ക്ഷണികജീവിതത്തിൽ ആകാശത്തിൻകീഴിൽ കരണീയമായെന്തുള്ളൂ എന്ന് അറിയാനാണു ഞാൻ പരിശ്രമിച്ചത്. 4ഞാൻ മഹാകാര്യങ്ങൾ ചെയ്തു; എനിക്കുവേണ്ടി മന്ദിരങ്ങൾ നിർമ്മിച്ചു; മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി. 5എനിക്കുവേണ്ടി പൂന്തോപ്പുകളും ഉപവനങ്ങളും ഉണ്ടാക്കി. അവയിൽ എല്ലായിനം ഫലവൃക്ഷങ്ങളും നട്ടു. 6തൈമരങ്ങൾ നനയ്‍ക്കാൻ കുളങ്ങൾ കുഴിച്ചു. 7എന്റെ വീട്ടിൽ ജനിച്ചുവളർന്ന അടിമകൾക്കു പുറമേ, ദാസീദാസന്മാരെ ഞാൻ വിലയ്‍ക്കു വാങ്ങി; യെരൂശലേമിലെ എന്റെ മുൻഗാമികളെക്കാൾ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു. 8പൊന്നും വെള്ളിയും രാജാക്കന്മാരുടെയും സംസ്ഥാനങ്ങളിലെയും ഭണ്ഡാരങ്ങളിലെ സമ്പത്തും ഞാൻ സ്വന്തമാക്കി; ഗായികമാരും ഗായകന്മാരും എനിക്കുണ്ടായിരുന്നു. പുരുഷന്മാരുടെ ആനന്ദമായ അനേകം ഉപനാരിമാരെയും ഞാൻ സ്വായത്തമാക്കി. 9അങ്ങനെ ഞാൻ യെരൂശലേമിലെ എല്ലാ പൂർവഗാമികളെക്കാളും മഹാനായിത്തീർന്നു; എല്ലാവരെയും ഞാൻ അതിശയിപ്പിച്ചു. അപ്പോഴും ഞാൻ ജ്ഞാനത്തിൽനിന്ന് അകന്നുപോയില്ല. 10അഭിരാമമായി തോന്നിയവയിലെല്ലാം രമിക്കാൻ ഞാൻ എന്റെ നയനങ്ങളെ അനുവദിച്ചു; ഞാൻ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു. അതായിരുന്നു എന്റെ സർവപ്രയത്നങ്ങളുടെയും പ്രതിഫലം. 11എന്റെ സകല പ്രവൃത്തികളെയും അതിനുവേണ്ടി വന്ന അധ്വാനത്തെയുംകുറിച്ചു ഞാൻ പിന്നീട് ആലോചിച്ചു; എല്ലാം മിഥ്യ; എല്ലാം വ്യർഥം. സൂര്യനു കീഴെ യാതൊന്നും നേടാനില്ലെന്ന് എനിക്കുറപ്പായി. 12അങ്ങനെ ജ്ഞാനത്തെയും ഉന്മാദത്തെയും ഭോഷത്തത്തെയും ഞാൻ വിവേചിച്ചു; രാജാവിന്റെ പിൻഗാമിക്ക് എന്തു ചെയ്യാൻ കഴിയും? പണ്ടു ചെയ്തതു തന്നെ. 13പ്രകാശം അന്ധകാരത്തെ എന്നതുപോലെ ജ്ഞാനം ഭോഷത്തത്തെ അതിശയിക്കുന്നു എന്ന് എനിക്കു മനസ്സിലായി. 14ജ്ഞാനിക്കു വഴി കാണാൻ കണ്ണ് ഉണ്ട്; ഭോഷൻ ഇരുളിൽ നടക്കുന്നു; എന്നാൽ ഇരുവർക്കും ഒരേ ഗതി തന്നെ എന്നു ഞാൻ ഗ്രഹിച്ചു. 15അപ്പോൾ ഞാൻ പറഞ്ഞു: “ഭോഷനും എനിക്കും ഗതി ഒന്നുതന്നെ; എങ്കിൽ ഞാൻ എന്തിനു ജ്ഞാനിയാകണം. ഇതും മിഥ്യ എന്നു ഞാൻ സ്വയം പറഞ്ഞു. 16ജ്ഞാനിയായാലും ഭോഷനായാലും ആരുടെയും സ്മരണ ശാശ്വതമായി നിലനില്‌ക്കുകയില്ല. കാലാന്തരത്തിൽ എല്ലാവരും വിസ്മൃതരാകും. ഹാ, ഭോഷനും ജ്ഞാനിയും മരിക്കുന്നത് ഒരുപോലെ! 17സൂര്യനു കീഴിൽ നടക്കുന്നതെല്ലാം എനിക്കു വേദനാജനകം ആയതുകൊണ്ടു ഞാൻ ജീവിതം വെറുത്തു. എല്ലാം മിഥ്യയും വ്യർഥവുമാണ്.
പ്രയത്നവും ധനവും മിഥ്യ
18സൂര്യനു കീഴിലെ എന്റെ സകല പ്രയത്നങ്ങളെയും ഞാൻ വെറുത്തു; എന്റെ പിൻഗാമിക്ക് അവ വിട്ടേച്ച് എനിക്കു പോകണമല്ലോ. 19അവൻ ജ്ഞാനിയോ, ഭോഷനോ എന്ന് ആരറിഞ്ഞു? രണ്ടായാലും സൂര്യനു കീഴിൽ എന്തിനുവേണ്ടി ഞാൻ എന്റെ ജ്ഞാനവും പ്രയത്നവും വിനിയോഗിച്ചുവോ, അവയുടെയെല്ലാം അവകാശിയും ഉടമസ്ഥനും അവനായിരിക്കുമല്ലോ. ഇതും മിഥ്യതന്നെ. 20അതുകൊണ്ടു ഭൂമിയിലെ എന്റെ എല്ലാ അധ്വാനങ്ങളെക്കുറിച്ചും ഞാൻ നിരാശ പൂണ്ടു. 21കാരണം ജ്ഞാനവും വിവേകവും നൈപുണ്യവുംകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അതിനുവേണ്ടി ഒന്നും ചെയ്യാത്തവന് ആസ്വദിക്കാൻ വിട്ടുകൊടുക്കേണ്ടിവരും. അതും മിഥ്യയും വലിയ തിന്മയും ആണ്. 22സൂര്യനു കീഴിൽ മനുഷ്യൻ ചെയ്യുന്ന കഠിനാധ്വാനങ്ങൾകൊണ്ട് അവന് എന്തു നേട്ടം? 23അവന്റെ ദിനങ്ങൾ വേദനാ ഭരിതം; അവന്റെ പ്രയത്നം ക്ലേശഭൂയിഷ്ഠം! രാത്രിയിൽപോലും അവന്റെ മനസ്സിനു സ്വസ്ഥതയില്ല; ഇതും മിഥ്യതന്നെ. 24അതുകൊണ്ടു തിന്നും കുടിച്ചും പ്രയത്നഫലം ആസ്വദിച്ചും കഴിയുന്നതിലപ്പുറം ഒന്നുമില്ല. ഇതും ദൈവത്തിന്റെ ദാനമാണെന്നു ഞാൻ ഗ്രഹിച്ചു. 25കാരണം ദൈവം നല്‌കാതെ ആർക്ക് ഭക്ഷിക്കാനോ സുഖിക്കാനോ കഴിയും? 26ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക് അവിടുന്നു ജ്ഞാനവും വിവേകവും ആനന്ദവും നല്‌കുന്നു. എന്നാൽ പാപിക്കാകട്ടെ, ദൈവത്തെ പ്രസാദിപ്പിക്കുന്നവനു കൈമാറാൻവേണ്ടി സമ്പത്തു സ്വരൂപിച്ചു കൂട്ടിവയ്‍ക്കുന്ന ജോലി മാത്രം നല്‌കുന്നു. ഇതും മിഥ്യയും വ്യർഥവുമാണ്.
Currently Selected:
THUHRILTU 2: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.