THUHRILTU 4
4
1പിന്നെ ഞാൻ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മർദിതർ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാൻ. മർദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മർദിതരെ ആശ്വസിപ്പിച്ചില്ല. 2മരിച്ചവർ ജീവിതം തുടങ്ങുന്നവരെക്കാൾ ഭാഗ്യവാന്മാരാണെന്നു ഞാൻ വിചാരിച്ചു. 3സൂര്യനു കീഴിൽ നടക്കുന്ന ദുഷ്കർമങ്ങൾ കാണാനിടയാകാതെ ജനിക്കാതെ പോയവർ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ്. 4മനുഷ്യന്റെ എല്ലാ പ്രയത്നങ്ങൾക്കും കർമകുശലതയ്‍ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയിൽനിന്നാണ് എന്നു ഞാൻ അറിഞ്ഞു. അതും മിഥ്യയും വ്യർഥവുമാകുന്നു. 5മൂഢൻ കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു. 6ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാൾ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം. 7സൂര്യനു കീഴെ വീണ്ടും ഞാൻ മിഥ്യ കണ്ടു; 8ഉറ്റവർ ആരുമില്ലാത്ത ഒരുവൻ; പുത്രനോ സഹോദരനോ അയാൾക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകൾക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാൻ പാടുപെടുന്നത് ആർക്കുവേണ്ടിയാണ്” എന്ന് അയാൾ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിർഭാഗ്യകരമായ അവസ്ഥയുമാകുന്നു. 9ഒറ്റയ്‍ക്കാകുന്നതിനെക്കാൾ രണ്ടുപേർ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും. 10ഒരുവൻ വീണാൽ അപരൻ പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്‍ക്കു കഴിയുന്നവനു ദുരിതം തന്നെ. അവൻ വീണാൽ പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ലല്ലോ. 11രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിർ മാറും? 12ഏകനെ കീഴടക്കാൻ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കിൽ അവർ ചെറുത്തുനില്‌ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാൻ എളുപ്പമല്ല. 13ഉപദേശത്തിനു വഴങ്ങാത്ത വൃദ്ധനും മൂഢനുമായ രാജാവിനെക്കാൾ ശ്രേഷ്ഠൻ, ദരിദ്രനെങ്കിലും ജ്ഞാനിയായ യുവാവാണ്. 14ഒരുവന് കാരാഗൃഹത്തിൽനിന്നു സിംഹാസനത്തിൽ എത്താൻ കഴിയും; അവൻ സ്വദേശത്തും ദരിദ്രനായി ജനിച്ചവനായിരിക്കാം. 15സൂര്യനു കീഴെ ചരിക്കുന്ന എല്ലാവരെയും ഞാൻ കണ്ടു; വൃദ്ധരാജാവിനു പകരം വരേണ്ട യുവാവിനെയും കണ്ടു. 16ജനം അസംഖ്യമാണ്; അവനാണ് എല്ലാവരുടെയും അധിപൻ. എന്നാൽ പിൽക്കാലത്തു വരുന്നവർക്ക് അവനിൽ പ്രീതിയില്ല. ഇതും മിഥ്യയും വ്യർഥവുമാണ്, തീർച്ച.
Currently Selected:
THUHRILTU 4: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.