GENESIS 12

12
അബ്രാമിനെ ദൈവം വിളിക്കുന്നു
1സർവേശ്വരൻ അബ്രാമിനോട് അരുളിച്ചെയ്തു: “നീ നിന്റെ നാടും കുടുംബവും ബന്ധുക്കളെയും വിട്ട് ഞാൻ കാണിച്ചു തരുന്ന ദേശത്തേക്കു പോകുക. 2അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും. നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് മഹത്തരമാക്കും. നീ ഒരു അനുഗ്രഹമായിത്തീരും. 3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.”
4സർവേശ്വരൻ കല്പിച്ചതുപോലെ അബ്രാം യാത്ര പുറപ്പെട്ടു; ലോത്തും കൂടെപ്പോയി. എഴുപത്തിഅഞ്ചാമത്തെ വയസ്സിലാണ് അബ്രാം ഹാരാനിൽനിന്നു യാത്ര പുറപ്പെട്ടത്. 5ഭാര്യ സാറായി, സഹോദരപുത്രൻ ലോത്ത് എന്നിവരൊന്നിച്ച്, ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും സമ്പത്തുമായി അബ്രാം കനാൻദേശം ലക്ഷ്യമാക്കി യാത്ര തുടർന്നു. അവർ അവിടെ എത്തി. 6ആ ദേശത്തിലൂടെ സഞ്ചരിച്ച് അദ്ദേഹം ശെഖേമിൽ മോരെയിലെ കരുവേലകവൃക്ഷത്തിനടുത്ത് ചെന്നുചേർന്നു. കനാന്യർ അന്ന് ആ പ്രദേശത്തു പാർത്തിരുന്നു. 7സർവേശ്വരൻ അബ്രാമിനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ സന്തതികൾക്ക് ഈ ദേശം ഞാൻ നല്‌കും.” അവിടുന്നു പ്രത്യക്ഷപ്പെട്ട സ്ഥലത്ത് അബ്രാം സർവേശ്വരന് ഒരു യാഗപീഠം പണിതു. 8അവിടെനിന്ന് അദ്ദേഹം ബേഥേലിനു കിഴക്കുള്ള മലയിൽ ചെന്ന് ബേഥേലിനു കിഴക്കും ഹായിക്ക് പടിഞ്ഞാറുമായി കൂടാരമടിച്ചു. അവിടെയും യാഗപീഠം പണിതു സർവേശ്വരന്റെ നാമത്തിൽ ആരാധിച്ചു. 9അബ്രാം #12:9 നെഗെബ് = പലസ്തീന്റെ തെക്കേ പ്രദേശത്തിനുള്ള പേരാണിത്. നെഗെബുദേശത്തേക്കു യാത്ര തുടർന്നു.
അബ്രാം ഈജിപ്തിൽ
10കനാൻദേശത്തു കഠിനമായ ക്ഷാമം ഉണ്ടായതിനാൽ ഈജിപ്തിൽ പാർക്കാൻ അബ്രാം അവിടേക്കു പോയി. 11ഈജിപ്തിനോട് സമീപിച്ചപ്പോൾ അദ്ദേഹം സാറായിയോടു പറഞ്ഞു: “നീ സുന്ദരിയാണല്ലോ. 12ഈജിപ്തുകാർ നിന്നെ കാണുമ്പോൾ ‘ഇവൾ അയാളുടെ ഭാര്യ’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും; നിന്നെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യും. 13അതുകൊണ്ട് നീ എന്റെ സഹോദരിയാണെന്നു പറയണം; അങ്ങനെ ചെയ്താൽ നീ നിമിത്തം എനിക്കു നന്മ വരുകയും; ഞാൻ രക്ഷപെടുകയും ചെയ്യും.” 14അബ്രാം ഈജിപ്തിൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അതിസുന്ദരിയെന്ന് ഈജിപ്തുകാർ കണ്ടു. 15ഫറവോയുടെ പ്രഭുക്കന്മാർ അവളെ കണ്ട് അവളുടെ സൗന്ദര്യത്തെക്കുറിച്ചു ഫറവോയോടു പ്രശംസിച്ചു പറഞ്ഞു. അവളെ അവർ ഫറവോയുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. 16അവൾ നിമിത്തം ഫറവോയ്‍ക്ക് അബ്രാമിനോടു കരുണതോന്നി; ആടുമാടുകളെയും കഴുതകളെയും ഒട്ടകങ്ങളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു സമ്മാനിച്ചു. 17അബ്രാമിന്റെ ഭാര്യ സാറായി നിമിത്തം സർവേശ്വരൻ ഫറവോയെയും കുടുംബാംഗങ്ങളെയും മാരകരോഗങ്ങളാൽ പീഡിപ്പിച്ചു. 18അതുകൊണ്ട് ഫറവോ അബ്രാമിനെ വിളിപ്പിച്ചു ചോദിച്ചു: “എന്നോടു നീ ഇങ്ങനെ ചെയ്തത് എന്ത്? അവൾ നിന്റെ ഭാര്യ എന്ന് എന്നോടു പറയാതിരുന്നതെന്തുകൊണ്ട്? 19അവളെ ഭാര്യയായി ഞാൻ സ്വീകരിക്കത്തക്കവിധം ‘ഇവൾ എന്റെ സഹോദരി’യെന്ന് നീ എന്തിനു പറഞ്ഞു? ഇതാ നിന്റെ ഭാര്യ, അവളെ കൂട്ടിക്കൊണ്ടുപോകുക.” 20അബ്രാമിനെ സംബന്ധിച്ച് ഫറവോ തന്റെ ആളുകൾക്ക് കല്പനകൾ കൊടുത്തു. അവർ അബ്രാമിനെയും ഭാര്യയെയും അദ്ദേഹത്തിന്റെ സർവസമ്പത്തോടുംകൂടി പറഞ്ഞയച്ചു.

目前选定:

GENESIS 12: malclBSI

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录