GENESIS 11

11
ബാബേൽ ഗോപുരം
1ആദ്യകാലത്ത് മനുഷ്യർക്കെല്ലാം ഒരേ ഭാഷയും ഒരേ വാക്കുകളുമാണ് ഉണ്ടായിരുന്നത്. 2അവർ കിഴക്കുനിന്ന് യാത്ര തിരിച്ചു ശീനാർദേശത്ത് എത്തി. ഒരു സമതലപ്രദേശം കണ്ട് അവിടെ അവർ വാസമുറപ്പിച്ചു. 3-4“നാം ലോകമെങ്ങും ചിതറിപ്പോകാതെ ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിത് നമുക്ക് പേരും പെരുമയും ഉണ്ടാക്കാം” എന്നവർ പറഞ്ഞൊത്തു. അങ്ങനെ അവർ കല്ലിനു പകരം ചുട്ടെടുത്ത ഇഷ്‍ടികയും കുമ്മായത്തിനു പകരം പശമണ്ണും പണിക്കുപയോഗിച്ചു.
5മനുഷ്യർ നിർമ്മിച്ച പട്ടണവും ഗോപുരവും കാണുന്നതിനു സർവേശ്വരൻ ഇറങ്ങിവന്നു. 6അവിടുന്നു ചിന്തിച്ചു: “അവർ ഒരു ജനത, അവർക്ക് ഒരേ ഭാഷ. അവരുടെ പ്രവൃത്തിയുടെ തുടക്കം മാത്രമാണിത്. ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാധ്യമാവുകയില്ല. 7നാം ചെന്ന് അവരുടെ ഭാഷ ഭിന്നിപ്പിക്കാം. പിന്നീടവർ അന്യോന്യം മനസ്സിലാക്കുകയില്ലല്ലോ.” 8അങ്ങനെ സർവേശ്വരൻ അവരെ ഭൂമുഖത്തെങ്ങും ചിതറിച്ചുകളഞ്ഞു. 9അവർ പട്ടണംപണി ഉപേക്ഷിച്ചു. മനുഷ്യരുടെ ഭാഷ സർവേശ്വരൻ അവിടെവച്ചു ഭിന്നിപ്പിച്ചതിനാൽ ആ പട്ടണത്തിന് ബാബേൽ എന്നു പേരുണ്ടായി. അവിടെനിന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും അവിടുന്ന് അവരെ ചിതറിച്ചു.
ശേമിന്റെ സന്താനപരമ്പര
10ശേമിന്റെ പിൻതലമുറക്കാർ: ജലപ്രളയത്തിനുശേഷം രണ്ടു വർഷം കഴിഞ്ഞ് ശേമിന്റെ നൂറാമത്തെ വയസ്സിൽ അയാൾക്ക് അർപ്പക്ഷാദ് ജനിച്ചു. 11പിന്നീട് അഞ്ഞൂറു വർഷംകൂടി ശേം ജീവിച്ചിരുന്നു. അവനു വേറെയും പുത്രീപുത്രന്മാർ ഉണ്ടായി.
12അർപ്പക്ഷാദിന്റെ മുപ്പത്തഞ്ചാമത്തെ വയസ്സിൽ അയാൾക്ക് ശാലഹ് ജനിച്ചു. 13അതിനുശേഷം നാനൂറ്റിമൂന്നു വർഷം കൂടി അയാൾ ജീവിച്ചിരുന്നു. അർപ്പക്ഷാദിനു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
14മുപ്പതു വയസ്സായപ്പോൾ ശാലഹിന് ഏബെർ ജനിച്ചു. 15നാനൂറ്റിമൂന്നു വർഷംകൂടി ശാലഹ് ജീവിച്ചിരുന്നു. അയാൾക്ക് വേറെയും പുത്രീപുത്രന്മാർ ഉണ്ടായി.
16ഏബെരിനു മുപ്പത്തിനാലാമത്തെ വയസ്സിൽ പെലെഗ് ജനിച്ചു. 17അതിനുശേഷം നാനൂറ്റിമുപ്പതു വർഷംകൂടി ഏബെർ ജീവിച്ചിരുന്നു. അയാൾക്കു വേറെയും പുത്രീപുത്രന്മാർ ഉണ്ടായി.
18മുപ്പതു വയസ്സായപ്പോൾ പെലെഗിനു രെയൂ ജനിച്ചു. 19അതിനുശേഷം ഇരുനൂറ്റിഒമ്പതു വർഷംകൂടി പെലെഗ് ജീവിച്ചിരുന്നു. അയാൾക്കു വേറെയും പുത്രീപുത്രന്മാർ ഉണ്ടായി.
20രെയൂവിന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ശെരൂഗ് ജനിച്ചു. 21അതിനുശേഷം ഇരുനൂറ്റിഏഴു വർഷംകൂടി രെയൂ ജീവിച്ചിരുന്നു. അയാൾക്കു വേറെയും പുത്രന്മാരും പുത്രിമാരും ഉണ്ടായി.
22ശെരൂഗിനു മുപ്പതു വയസ്സായപ്പോൾ നാഹോർ ജനിച്ചു. 23അതിനുശേഷം ഇരുനൂറു വർഷംകൂടി ശെരൂഗ് ജീവിച്ചിരുന്നു. അയാൾക്ക് വേറെയും പുത്രീപുത്രന്മാർ ഉണ്ടായി.
24നാഹോരിന് ഇരുപത്തിഒമ്പതു വയസ്സായപ്പോൾ തേരഹ് ജനിച്ചു. 25അതിനുശേഷം നൂറ്റിപത്തൊമ്പതു വർഷംകൂടി നാഹോർ ജീവിച്ചിരുന്നു. അയാൾക്ക് വേറെയും പുത്രീപുത്രന്മാർ ഉണ്ടായി.
26എഴുപതു വയസ്സായപ്പോൾ തേരഹിന് അബ്രാം, നാഹോർ, ഹാരാൻ എന്നിവർ ജനിച്ചു.
തേരഹിന്റെ സന്താനപരമ്പര
27തേരഹിന്റെ പിൻതലമുറക്കാർ: അബ്രാം, നാഹോർ, ഹാരാൻ എന്നിവരുടെ പിതാവായിരുന്നു തേരഹ്. ലോത്ത് ഹാരാന്റെ പുത്രനായിരുന്നു. 28പിതാവായ തേരഹ് ജീവിച്ചിരിക്കുമ്പോൾ തന്നെ അയാളുടെ ജന്മദേശമായ കല്ദായരുടെ ഊരിൽവച്ചു ഹാരാൻ മരിച്ചു. 29അബ്രാം സാറായിയെയും നാഹോർ മില്‌ക്കായെയും വിവാഹം കഴിച്ചു. ഹാരാന്റെ പുത്രിമാരായിരുന്നു മില്‌ക്കായും യിസ്കായും. സാറായി വന്ധ്യയായിരുന്നു. 30അവൾക്ക് മക്കൾ ഉണ്ടായില്ല. 31തേരഹ് പുത്രനായ അബ്രാമിനെയും പൗത്രനായ ലോത്തിനെയും തന്റെ മരുമകളും അബ്രാമിന്റെ ഭാര്യയുമായ സാറായിയെയും കൂട്ടിക്കൊണ്ട് കല്ദായരുടെ ഊരിൽനിന്നു കനാനിലേക്കു പുറപ്പെട്ടു. 32ഹാരാനിൽ എത്തി അവർ അവിടെ വാസമുറപ്പിച്ചു. ഇരുനൂറ്റഞ്ചാമത്തെ വയസ്സിൽ തേരഹ് ഹാരാനിൽവച്ചു മരിച്ചു.

目前选定:

GENESIS 11: malclBSI

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录