ഉൽപ്പത്തി 40

40
വീഞ്ഞുകാരനും അപ്പക്കാരനും
1കുറെ കാലത്തിനുശേഷം ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും തങ്ങളുടെ യജമാനനായ ഈജിപ്റ്റുരാജാവിനെതിരേ തെറ്റുചെയ്തു. 2പ്രധാന വീഞ്ഞുകാരനും പ്രധാന അപ്പക്കാരനും ആയ ഈ രണ്ട് ഉദ്യോഗസ്ഥന്മാരുടെ നേർക്കു ഫറവോനു കോപം ജ്വലിച്ചു. 3അദ്ദേഹം അവരെ അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ, യോസേഫിനെ സൂക്ഷിച്ചിരുന്ന അതേ കാരാഗൃഹത്തിൽ അടച്ചു. 4അംഗരക്ഷകരുടെ അധിപൻ അവരെ യോസേഫിനെ ഏൽപ്പിക്കുകയും അവൻ അവരെ ശുശ്രൂഷിക്കുകയും ചെയ്തു.
കുറെക്കാലം അവർ തടവിൽ കഴിഞ്ഞപ്പോൾ, 5കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടിരുന്ന അവർ ഇരുവരും—ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും—വ്യത്യസ്ത അർഥം വരുന്ന ഓരോ സ്വപ്നം ഒരേരാത്രിയിൽ കണ്ടു.
6പിറ്റേന്നു രാവിലെ യോസേഫ് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതായി കണ്ടു. 7യജമാനന്റെ ഭവനത്തിൽ തന്നോടൊപ്പം ബന്ധനത്തിൽ ആയിരുന്ന, ഫറവോന്റെ ആ ഉദ്യോഗസ്ഥന്മാരോട് അവൻ, “ഇന്നു നിങ്ങളുടെ മുഖം ഇത്ര മ്ലാനമായിരിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
8“ഞങ്ങൾ രണ്ടുപേരും ഓരോ സ്വപ്നം കണ്ടിരിക്കുന്നു; എന്നാൽ അവയെ വ്യാഖ്യാനിക്കാൻ ആരുമില്ല,” എന്ന് അവർ ഉത്തരം പറഞ്ഞു.
അപ്പോൾ യോസേഫ് അവരോട്, “വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? നിങ്ങളുടെ സ്വപ്നങ്ങൾ എന്നോടു പറയുക” എന്നു പറഞ്ഞു.
9പ്രധാന വീഞ്ഞുകാരൻ തന്റെ സ്വപ്നം യോസേഫിനെ പറഞ്ഞുകേൾപ്പിച്ചു; അവൻ ഇങ്ങനെ വിവരിച്ചു: “എന്റെ സ്വപ്നത്തിൽ ഞാൻ എന്റെമുമ്പിൽ ഒരു മുന്തിരിവള്ളി കണ്ടു. 10ആ മുന്തിരിവള്ളിക്കു മൂന്നു ശാഖകൾ ഉണ്ടായിരുന്നു. അതു തളിരിട്ടപ്പോൾത്തന്നെ പുഷ്പിക്കുകയും മുന്തിരിക്കുലകൾ പഴുത്തു പാകമാകുകയും ചെയ്തു. 11ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു, ഞാൻ മുന്തിരിങ്ങ എടുത്ത് ഫറവോന്റെ പാനപാത്രത്തിലേക്കു പിഴിഞ്ഞൊഴിച്ച് പാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.”
12യോസേഫ് അവനോടു പറഞ്ഞു, “അതിന്റെ അർഥം ഇതാണ്: മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാണ്. 13ഫറവോൻ മൂന്നുദിവസത്തിനകം നിന്നെ ഉയർത്തി നിന്റെ പഴയ സ്ഥാനത്ത് ആക്കും; നീ ഫറവോന്റെ പാനപാത്രവാഹകൻ ആയിരുന്നപ്പോൾ ചെയ്തുപോന്നിരുന്നതുപോലെ അദ്ദേഹത്തിന്റെ പാനപാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കും. 14എന്നാൽ നിന്റെ കാര്യങ്ങൾ ശുഭമായിത്തീരുമ്പോൾ എന്നെ ഓർക്കുകയും എന്നോടു ദയ കാണിക്കുകയും വേണം; എന്റെ കാര്യം ഫറവോനോടു പറഞ്ഞ് എന്നെ ഈ തടവറയിൽനിന്ന് മോചിപ്പിക്കേണം. 15എബ്രായരുടെ ദേശത്തുനിന്ന് എന്നെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നതാണ്; എന്നെ ഇങ്ങനെ തടവറയിൽ അടയ്ക്കാൻ തക്കവണ്ണം ഇവിടെയും ഞാൻ യാതൊന്നുംതന്നെ ചെയ്തിട്ടില്ല.”
16ശുഭസൂചകമായ വ്യാഖ്യാനമാണു യോസേഫ് നൽകിയതെന്നു കണ്ടിട്ട് പ്രധാന അപ്പക്കാരൻ യോസേഫിനോട്: “ഞാനും ഒരു സ്വപ്നംകണ്ടു: എന്റെ തലയിൽ മൂന്നുകുട്ട#40:16 അഥവാ, തലയിൽ മെടഞ്ഞുണ്ടാക്കിയ മൂന്നുകുട്ട. അപ്പം ഉണ്ടായിരുന്നു. 17മുകളിലത്തെ കുട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാവിധ ഭക്ഷ്യവസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ പക്ഷികൾ എന്റെ തലയിലെ ആ കുട്ടയിൽനിന്ന് അതെല്ലാം തിന്നുകയായിരുന്നു” എന്നു പറഞ്ഞു.
18അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം. 19ഫറവോൻ മൂന്നുദിവസത്തിനകം നിന്റെ തല വെട്ടിക്കളയുകയും, നിന്നെ ഒരു മരത്തിൽ തൂക്കുകയും ചെയ്യും; പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും” എന്നു പറഞ്ഞു.
20മൂന്നാംദിവസം ഫറവോന്റെ ജന്മദിനം ആയിരുന്നു; അദ്ദേഹം തന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കുമായി ഒരു വിരുന്നുസൽക്കാരം നടത്തി. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രധാന വീഞ്ഞുകാരനെയും പ്രധാന അപ്പക്കാരനെയും ഓർത്തു. 21പ്രധാന വീഞ്ഞുകാരനെ അദ്ദേഹം വീണ്ടും അവന്റെ പഴയ സ്ഥാനത്തു നിയമിച്ചു; അങ്ങനെ അവന് വീണ്ടും ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കാൻ സാധിച്ചു. 22എന്നാൽ പ്രധാന അപ്പക്കാരനെ, യോസേഫ് വ്യാഖ്യാനത്തിൽ അവനോട് അറിയിച്ചിരുന്നതുപോലെ ഫറവോൻ തൂക്കിക്കൊന്നു.
23എന്നാൽ പ്രധാന വീഞ്ഞുകാരൻ യോസേഫിനെ ഓർത്തില്ല; അദ്ദേഹം യോസേഫിനെ പാടേ മറന്നുകളഞ്ഞു.

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ഉൽപ്പത്തി 40: MCV

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀