ഉൽപ്പത്തി 15

15
അബ്രാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി
1കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി:
“അബ്രാമേ, ഭയപ്പെടരുത്,
ഞാൻ നിന്റെ പരിച,#15:1 അഥവാ, സർവോന്നതൻ
നിന്റെ അതിമഹത്തായ പ്രതിഫലം.”
2അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി#15:2 മൂ.ഭാ. ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ദമസ്കോസുകാരനായ എലീയേസറാണ്. 3അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.”
4അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.” 5യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു.
6അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.
7അവിടന്ന് അബ്രാമിനോട് പിന്നെയും അരുളിച്ചെയ്തത്: “ഈ ദേശം നിനക്ക് അവകാശമായി നൽകേണ്ടതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു.”
8അതിന് അബ്രാം, “കർത്താവായ യഹോവേ, അതു ഞാൻ അവകാശമാക്കുമെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?” എന്നു ചോദിച്ചു.
9യഹോവ അബ്രാമിനോട്: “നീ മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെണ്ണാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും അവയോടൊപ്പം ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് അരുളിച്ചെയ്തു.
10അബ്രാം ഇവയെ എല്ലാറ്റിനെയും യഹോവയുടെ അടുക്കൽ കൊണ്ടുവന്ന് നടുവേ പിളർന്ന് ഭാഗങ്ങൾ നേർക്കുനേരേ വെച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം രണ്ടായി പിളർന്നില്ല. 11അപ്പോൾ ആ ഉടലുകൾ തിന്നുന്നതിനായി ഇരപിടിയൻപക്ഷികൾ ഇറങ്ങിവന്നു; അബ്രാം അവയെ ആട്ടിക്കളഞ്ഞു.
12സൂര്യൻ അസ്തമിച്ചുകൊണ്ടിരുന്നപ്പോൾ അബ്രാം ഗാഢനിദ്രയിലേക്കു വഴുതിവീണു. ഭീതിപ്പെടുത്തുന്ന ഒരു കൂരിരുട്ട് അവന്റെമേൽ വന്നു. 13അപ്പോൾ യഹോവ അദ്ദേഹത്തോട്: “നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യുമെന്ന് നീ നിശ്ചയമായും അറിയണം. 14എന്നാൽ, അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും; അതിനുശേഷം അവർ ആ ദേശം വിട്ടുപോരുന്നതു വളരെ സമ്പത്തോടുംകൂടെ ആയിരിക്കും. 15നീയോ, സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും. 16നിന്റെ സന്തതികളുടെ നാലാംതലമുറ ഇവിടെ മടങ്ങിയെത്തും; അമോര്യരുടെ പാപം ഇതുവരെയും അതിന്റെ പരമകാഷ്ഠയിൽ എത്തിയിട്ടില്ലല്ലോ” എന്ന് അരുളിച്ചെയ്തു.
17സൂര്യൻ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോൾ ജ്വലിക്കുന്ന പന്തത്തോടുകൂടിയതും പുകയുന്നതുമായ ഒരു തീച്ചൂള പ്രത്യക്ഷപ്പെട്ടു, അത് ആ ഭാഗങ്ങളുടെ മധ്യേകൂടി കടന്നുപോയി. 18യഹോവ ആ ദിവസം അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു. “ഞാൻ നിന്റെ സന്തതിക്ക് ഈജിപ്റ്റിലെ തോടുമുതൽ#15:18 നൈൽനദിയുടെ കിഴക്കേ ശാഖയോ സീനായിയിലുള്ള ഈജിപ്റ്റിലെ അരുവിയോ എന്നു വിവക്ഷ. സംഖ്യ. 34:5 കാണുക. മഹാനദിയായ യൂഫ്രട്ടീസുവരെയുള്ള ദേശം തരും. 19കേന്യർ, കെനിസ്യർ, കദ്മോന്യർ, 20ഹിത്യർ, പെരിസ്യർ, രെഫായീമ്യർ, 21അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശംതന്നെ തന്നിരിക്കുന്നു.”

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ഉൽപ്പത്തി 15: MCV

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀