ഉല്പ. 2
2
1 # 2:1 സകല ചരാചരങ്ങള്‍-സകലതും ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. 2ദൈവം സൃഷ്ടി കർമ്മം പൂർത്തിയാക്കി സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം വിശ്രമിച്ചു. 3താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്നു അവിടുന്ന് വിശ്രമിച്ചതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
സൃഷ്ടിയുടെ രണ്ടാം വിവരണം
4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിൻ്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. 5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേലചെയ്യുവാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6ഭൂമിയിൽനിന്നു മഞ്ഞു#2:6 മഞ്ഞ്-ഉറവ് പൊങ്ങി, നിലം ഒക്കെയും നനച്ചുവന്നു. 7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിതീർന്നു.
8അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, അവിടുന്ന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. 9കാണാൻ ഭംഗിയുള്ളതും ഭക്ഷ്യയോഗ്യവുമായ എല്ലാ ഫലങ്ങളും ഉള്ള വൃക്ഷങ്ങളും, തോട്ടത്തിന്‍റെ നടുവിൽ ജീവവൃക്ഷവും, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും, യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.
10തോട്ടം നനയ്ക്കുവാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്ന് നാലു കൈവഴിയായി പിരിഞ്ഞു. 11ഒന്നാമത്തേതിന് പീശോൻ എന്നു പേർ; അത് ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. 12ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും#2:12 ഗുല്ഗുലുവും ഒരു പ്രത്യേക വൃക്ഷത്തിൽനിന്നു ലഭിക്കുന്ന സൗരഭ്യവാസനയുള്ള കറ അല്ലെങ്കിൽ വിലയേറിയ രത്നം എന്നും ആകാം. ഗോമേദകവും ഉണ്ട്. 13രണ്ടാം നദിക്ക് ഗീഹോൻ എന്നു പേർ; അത് കൂശ്#2:13 കൂശ്-എത്യോപ്യദേശമൊക്കെയും ചുറ്റുന്നു. 14മൂന്നാം നദിക്ക് ഹിദ്ദേക്കെൽ എന്നു പേർ; അത് അശ്ശൂരിനു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ട് പോയി ഏദെൻ തോട്ടത്തിൽ വേലചെയ്യുവാനും അതിനെ സൂക്ഷിക്കുവാനും അവിടെ ആക്കി. 16യഹോവയായ ദൈവം മനുഷ്യനോട് കല്പിച്ചത് എന്തെന്നാൽ: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ നിശ്ചയമായി മരിക്കും.”
18അനന്തരം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ അവനു തക്കതായൊരു തുണയെ ഉണ്ടാക്കിക്കൊടുക്കും” എന്നു അരുളിച്ചെയ്തു. 19യഹോവയായ ദൈവം ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ട് മനുഷ്യൻ അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്‍റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി. 20ആദാം#2:20 ആദാം-മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന് തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
21ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്‍റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിന് പകരം മാംസം പിടിപ്പിച്ചു. 22യഹോവയായ ദൈവം മനുഷ്യനിൽ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്‍റെ അടുക്കൽ കൊണ്ടുവന്നു.
23അപ്പോൾ ആദാം;
“ഇത് ഇപ്പോൾ എന്‍റെ അസ്ഥിയിൽ നിന്നു അസ്ഥിയും
എന്‍റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.
ഇവളെ നരനിൽനിന്ന് എടുത്തിരിക്കുകയാൽ
ഇവൾക്ക് നാരി എന്നു പേരാകും” എന്നു പറഞ്ഞു.
24അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായി തീരും. 25മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്ക് നാണം തോന്നിയതുമില്ല.
Поточний вибір:
ഉല്പ. 2: IRVMAL
Позначайте
Поділитись
Копіювати
Хочете, щоб ваші позначення зберігалися на всіх ваших пристроях? Зареєструйтеся або увійдіть
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.