Logo ng YouVersion
Hanapin ang Icon

ഉൽപത്തി 29

29
1പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്ത് എത്തി. 2അവൻ വെളിമ്പ്രദേശത്ത് ഒരു കിണറ് കണ്ടു. അതിനരികെ മൂന്ന് ആട്ടിൻകൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻകൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നത്; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ല് വലുതായിരുന്നു. 3ആ സ്ഥലത്തു കൂട്ടങ്ങളൊക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ല് കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കയും ചെയ്യും. 4യാക്കോബ് അവരോട്: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്: ഞങ്ങൾ ഹാരാന്യർ എന്ന് അവർ പറഞ്ഞു. 5അവൻ അവരോട്: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്: അറിയും എന്ന് അവർ പറഞ്ഞു. 6അവൻ അവരോട്: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നെ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്ന് അവർ അവനോടു പറഞ്ഞു. 7പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്ന് അവൻ പറഞ്ഞതിന് അവർ: 8കൂട്ടങ്ങളൊക്കെയും കൂടുവോളം ഞങ്ങൾക്കു വയ്യാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. 9അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നത്. 10തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. 11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. 12താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു. 13ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരമൊക്കെയും പറഞ്ഞു. 14ലാബാൻ അവനോട്: നീ എന്റെ അസ്ഥിയും മാംസവുംതന്നെ എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്റെ അടുക്കൽ പാർത്തു. 15പിന്നെ ലാബാൻ യാക്കോബിനോട്: നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. 16എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. 17ലേയായുടെ കണ്ണ് ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. 18യാക്കോബ് റാഹേലിനെ സ്നേഹിച്ചു: നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. 19അതിനു ലാബാൻ: ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലത്; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. 20അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി. 21അനന്തരം യാക്കോബ് ലാബാനോട്: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു. 22അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. 23എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയായെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടുപോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു. 24ലാബാൻ തന്റെ മകൾ ലേയായ്ക്ക് തന്റെ ദാസി സില്പായെ ദാസിയായി കൊടുത്തു. 25നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ട് അവൻ ലാബാനോട്: നീ എന്നോടു ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? നീ എന്തിന് എന്നെ ചതിച്ചു എന്നു പറഞ്ഞു. 26അതിനു ലാബാൻ: മൂത്തവൾക്കു മുമ്പേ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. 27ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവയ്ക്കുവേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. 28യാക്കോബ് അങ്ങനെതന്നെ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. 29തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹായെ ദാസിയായി കൊടുത്തു. 30അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവ ചെയ്തു.
31ലേയാ അനിഷ്ട എന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു. 32ലേയാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും എന്നു പറഞ്ഞ് അവൾ അവനു രൂബേൻ എന്നു പേരിട്ടു. 33അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞ് അവനു ശിമെയോൻ എന്നു പേരിട്ടു. 34അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ട് അവൾ അവനു ലേവി എന്നു പേരിട്ടു. 35അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്ന് അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവനു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.

Haylayt

Ibahagi

Kopyahin

None

Gusto mo bang ma-save ang iyong mga hinaylayt sa lahat ng iyong device? Mag-sign up o mag-sign in