Logo ng YouVersion
Hanapin ang Icon

ഉൽപത്തി 28

28
1അനന്തരം യിസ്ഹാക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്. 2പുറപ്പെട്ട് പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽനിന്നു നിനക്ക് ഒരു ഭാര്യയെ എടുക്ക. 3സർവശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായിത്തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്‍ടിയുള്ളവനായി പെരുക്കുകയും 4ദൈവം അബ്രാഹാമിനു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന് അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ. 5അങ്ങനെ യിസ്ഹാക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കായുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി. 6യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ച്, പദ്ദൻ-അരാമിൽനിന്ന് ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടേക്ക് അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്ന് അവനോടു കല്പിച്ചതും 7യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ച് പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ, 8കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ല എന്നു കണ്ട് 9ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
10എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി. 11അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായിവച്ച് അവിടെ കിടന്നുറങ്ങി. 12അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. 13അതിന്മീതെ യഹോവ നിന്ന് അരുളിച്ചെയ്തത്: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. 14നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. 15ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവർത്തിക്കും. 16അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു. 17അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ വാതിൽ തന്നെ എന്നു പറഞ്ഞു. 18യാക്കോബ് അതികാലത്ത് എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. 19അവൻ ആ സ്ഥലത്തിനു ബേഥേൽ എന്നു പേർ വിളിച്ചു; ആദ്യം ആ പട്ടണത്തിനു ലൂസ് എന്നു പേരായിരുന്നു. 20യാക്കോബ് ഒരു നേർച്ച നേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും 21എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും. 22ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

Haylayt

Ibahagi

Kopyahin

None

Gusto mo bang ma-save ang iyong mga hinaylayt sa lahat ng iyong device? Mag-sign up o mag-sign in