ലൂക്കൊസ് 24
24
1അവർ ഒരുക്കിയ സുഗന്ധവർഗം എടുത്ത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറയ്ക്കൽ എത്തി, 2കല്ലറയിൽനിന്നു കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു. 3അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. 4അതിനെക്കുറിച്ച് അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു. 5ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോട്: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? 6അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പേ ഗലീലയിൽ ഇരിക്കുമ്പോൾതന്നെ അവൻ നിങ്ങളോട്: 7മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കൈയിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞത് ഓർത്തുകൊൾവിൻ എന്നു പറഞ്ഞു. 8അവർ അവന്റെ വാക്ക് ഓർത്തു, 9കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതൊക്കെയും അറിയിച്ചു. 10അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നെ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അത് അപ്പൊസ്തലന്മാരോടു പറഞ്ഞു. 11ഈ വാക്ക് അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. 12[എന്നാൽ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]
13അന്നുതന്നെ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്ന് ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ 14ഈ സംഭവിച്ചതിനെക്കുറിച്ചൊക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. 15സംസാരിച്ചും തർക്കിച്ചുംകൊണ്ടിരിക്കുമ്പോൾ യേശുതാനും അടുത്തുചെന്ന് അവരോട് ചേർന്നുനടന്നു. 16അവനെ അറിയാതവണ്ണം അവരുടെ കണ്ണ് നിരോധിച്ചിരുന്നു. 17അവൻ അവരോട്: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. 18ക്ലെയൊപ്പാവ് എന്നു പേരുള്ളവൻ: യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്ന് ഉത്തരം പറഞ്ഞു. 19ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ. 20നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്ക് ഏല്പിച്ചു ക്രൂശിച്ചു. 21ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്ന് ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാംനാൾ ആകുന്നു. 22ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറയ്ക്കൽ പോയി 23അവന്റെ ശരീരം കാണാതെ മടങ്ങിവന്ന് അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. 24ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറയ്ക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെതന്നെ കണ്ടു; അവനെ കണ്ടില്ലതാനും. 25അവൻ അവരോട്: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, 26ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്ത്വത്തിൽ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു. 27മോശെ തുടങ്ങി സകല പ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു. 28അവർ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. 29അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു. 30അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോൾ അവൻ അപ്പം എടുത്ത് അനുഗ്രഹിച്ചുനുറുക്കി അവർക്കു കൊടുത്തു. 31ഉടനെ അവരുടെ കണ്ണുതുറന്ന് അവർ അവനെ അറിഞ്ഞു; അവൻ അവർക്ക് അപ്രത്യക്ഷനായി. 32അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്ന് അവർ തമ്മിൽ പറഞ്ഞു. 33ആ നാഴികയിൽതന്നെ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 34കർത്താവ് വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോനു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. 35വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‍വന്നതും അവർ വിവരിച്ചുപറഞ്ഞു.
36ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.] 37അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്ന് അവർക്കു തോന്നി. 38അവൻ അവരോട്: നിങ്ങൾ കലങ്ങുന്നത് എന്ത്? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്ത്? 39ഞാൻ തന്നെ ആകുന്നു എന്ന് എന്റെ കൈയും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. 40[ഇങ്ങനെ പറഞ്ഞിട്ട് അവൻ കൈയും കാലും അവരെ കാണിച്ചു.] 41അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു. 42അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവനു കൊടുത്തു. 43അത് അവൻ വാങ്ങി അവർ കാൺകെ തിന്നു.
44പിന്നെ അവൻ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ എന്നു പറഞ്ഞു 45തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. 46ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാംനാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും 47അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകല ജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. 48ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. 49എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.
50അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു. 51അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടുപിരിഞ്ഞു [സ്വർഗാരോഹണം ചെയ്തു]. 52അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും 53ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
Trenutno izabrano:
ലൂക്കൊസ് 24: MALOVBSI
Istaknuto
Podijeli
Kopiraj
Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.