YouVersion logo
Dugme za pretraživanje

ലൂക്കൊസ് 23

23
1അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റ് അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി: 2ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. 3പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്ന് അവനോട് ഉത്തരം പറഞ്ഞു. 4പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. 5അതിന് അവർ: അവൻ ഗലീലയിൽതുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചുപറഞ്ഞു. 6ഇതു കേട്ടിട്ട് ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു; 7ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അന്നു യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
8ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാൺമാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു. 9ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. 10മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു. 11ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു. 12അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പേ അവർ തമ്മിൽ വൈരമായിരുന്നു.
13പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി. 14അവരോട്: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; 15ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം; 16അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. 17ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്ന് എല്ലാവരുംകൂടെ നിലവിളിച്ചു; 18[ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു]. 19അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു. 20പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചുപറഞ്ഞു. 21അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് എതിരേ നിലവിളിച്ചു. 22അവൻ മൂന്നാമതും അവരോട്: അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. 23അവരോ അവനെ ക്രൂശിക്കേണ്ടതിന് ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; 24അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു. 25കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കയും ചെയ്തു.
26അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
27ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു. 28യേശു തിരിഞ്ഞ് അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. 29മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. 30അന്നു മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞുതുടങ്ങും. 31പച്ചമരത്തോട് ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന് എന്തു ഭവിക്കും എന്നു പറഞ്ഞു.
32ദുഷ്പ്രവൃത്തിക്കാരായ വേറേ രണ്ടു പേരെയും അവനോടുകൂടെ കൊല്ലേണ്ടതിനു കൊണ്ടുപോയി.
33തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. 34എന്നാൽ യേശു: പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു. 35ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. 36പടയാളികളും അവനെ പരിഹസിച്ച് അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞു കാണിച്ചു. 37നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു. 38ഇവൻ യെഹൂദന്മാരുടെ രാജാവ് എന്ന് ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
39തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ് അവനെ ദുഷിച്ചു. 40മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? 41നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്; ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. 42പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. 43യേശു അവനോട്: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
44ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തൊക്കെയും അന്ധകാരം ഉണ്ടായി. 45ദൈവമന്ദിരത്തിലെ തിരശ്ശീല നടുവേ ചീന്തിപ്പോയി. 46യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. 47ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി. 48കാൺമാൻ കൂടിവന്ന പുരുഷാരമൊക്കെയും സംഭവിച്ചതു കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. 49അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
50അരിമഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി- 51അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു- 52പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, 53അത് ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വച്ചു. 54അന്ന് ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. 55ഗലീലയിൽനിന്ന് അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി. 56സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരുന്നു.

Istaknuto

Podijeli

Kopiraj

None

Želiš li da tvoje istaknuto bude sačuvano na svim tvojim uređajima? Kreiraj nalog ili se prijavi

Video za ലൂക്കൊസ് 23