YouVersion Logo
Search Icon

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)Sample

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

DAY 5 OF 7

ക്വാറന്റീനിലാകാത്ത ദൈവവും അതിജീവനത്തിന്റെ സന്ദേശവും

ആൾദൈവങ്ങളും കപട ആത്മീയരും അരങ്ങു തകർത്താടിക്കൊണ്ടിരുന്ന സമയത്താണ് ലോകത്താകമാനം ഭീതി വിതച്ചുകൊണ്ട് കോവിഡ്-19 (COVID-19) എന്ന മഹാമാരിയുടെ വരവ്. ആൾ ദൈവങ്ങളെല്ലാം അരങ്ങൊഴിഞ്ഞ് ക്വാറന്റീനിലാണ്. ഈ സന്ദർഭത്തിലാണ് അതിജീവനത്തിന്റെ ആൾരൂപമമായ ഉത്ഥിതനായ ക്രിസ്തു നാഥന്റെ പ്രസക്തി. 'അവൻ ഇവിടെ ഇല്ല അവൻ ഉയർത്തെഴുന്നേറ്റു' (ലൂക്കോസ് 24:5) എന്ന പ്രഖ്യാപനം  ദൈവീക പദ്ധതികളെയും ദൈവത്തിന്റെ പുത്രനായ ക്രിസ്തുവിനെയും ക്വാറന്റീൻ ചെയ്യുവാൻ കഴിയില്ല എന്നതിന്റെ സൂചനയാണ്. 

ഒരു ആയുസ്സിന്റെ ഭൂരിഭാഗവും(38 വർഷം) മതത്തിന്റെ നൂലാമാലകളിലും അന്ധമായ ചടങ്ങുകളിലും വിശ്വാസമർപ്പിച്ചിട്ടും സൗഖ്യം ലഭിക്കാതെ, കരുണ ലഭിക്കാതെ ബെഥേസ്ദ  കുളക്കരയിൽ (Beth-zatha House of mercy) ക്വാറന്റീനിലായിപ്പോയ പക്ഷവാത രോഗിയെ യേശു സൗഖ്യമാക്കിയത് മതമേധാവികളുടെ വിമർശനത്തിന് ഇടയാക്കി. മതത്തിന്റെ, "മരിച്ചാലും ഭേദിക്കപ്പെടാനാകില്ല" എന്നുള്ള തീവ്രമായ ആചാരങ്ങളെ (ഇവിടെ  ശബത്ത്‌ എന്ന മതപരമായ ക്വാറന്റീനെ) വിമർശനാത്മകവും പ്രതീകാത്മകവുമായി ഭേദിച്ചുകൊണ്ട് ക്രിസ്തുനാഥൻ മതമേധാവികളോട് "എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു,  ഞാനും പ്രവർത്തിക്കുന്നു " (യോഹന്നാൻ 5:17) എന്ന് പറഞ്ഞതും  ക്വാറന്റീനിലാകാത്ത ദൈവപ്രവർത്തിയുടെ സൂചനയാണ്. 

സാമ്രാജ്വത്വ ശക്തികളും മതമൗലിക വാദികളും കല്ലറയിലൊതുക്കാൻ ശ്രമിച്ചിട്ടും മൂന്നാം നാൾ കല്ലറയ്ക്ക് കാവൽ നിന്ന പടയാളികളെയും അടച്ചു വച്ച കല്ലിനെയും നിഷ്പ്രഭമാക്കി യേശു ഉയർത്തെഴുന്നേറ്റതാണ് ലോകം ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അതിജീവനത്തിന്റെ സന്ദേശം. പുനരുത്ഥാനത്തിന്റെ ശക്തി നൽകുന്ന പ്രത്യാശ അതിജീവനത്തിന്റെ സാധ്യതകളാണ്. മരണത്തെ തോൽപിച്ച്‌, കല്ലറ തുറന്ന് തന്റെ ശിഷ്യ സമൂഹത്തിന് പ്രത്യക്ഷനായ ക്രിസ്തു ഏത് പ്രതികൂല സാഹചര്യങ്ങളിലും ഓടി ഒളിക്കുന്നവനല്ല, പ്രത്യുത പ്രവർത്തന നിരതനായ കർത്താവാണ്.

Day 4Day 6

About this Plan

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

ഈ ലോക് ഡൗൺ സമയത്ത്‌ വേദാധ്യാപകനും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. ബിജു ചാക്കോ (ഡെറാഡൂൺ) ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ എഴുതിയ തിരഞ്ഞെടുത്ത ഏഴ് പ്രതിദിന ചിന്തകൾ... ഈ ചിന്തകൾ അനേകർക്ക്‌ ആശ്വാസവും അനുഗ്രഹവുമായിരുന്നു.

More

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy