Logotipo da YouVersion
Ícone de Pesquisa

ഉല്പ. 33

33
യാക്കോബ് ഏശാവിനെ അഭിമുഖീകരിക്കുന്നു
1അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളുകളും വരുന്നത് കണ്ടു; തന്‍റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്‍റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി. 2അവൻ ദാസിമാരെയും അവരുടെ മക്കളെയും മുൻപിലായും ലേയായെയും അവളുടെ മക്കളെയും പിമ്പിലും റാഹേലിനെയും യോസേഫിനെയും അവസാനമായും നിർത്തി. 3അവൻ അവർക്ക് മുൻപായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്‍റെ സഹോദരനോട് അടുത്തുചെന്നു. 4ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്‍റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
5പിന്നെ ഏശാവ് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: “നിന്നോടുകൂടെയുള്ള ഇവർ ആരാകുന്നു?” എന്നു ചോദിച്ചു.
അതിന്: “ദൈവം അടിയനു കൃപയാൽ നല്കിയിരിക്കുന്ന മക്കൾ” എന്നു അവൻ പറഞ്ഞു.
6അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; 7ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; അവസാനം യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
8“ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്?” എന്നു ഏശാവ് ചോദിച്ചു.
അതിന്: “യജമാനന് എന്നോട് കൃപതോന്നേണ്ടതിന് ആകുന്നു” എന്നു യാക്കോബ് പറഞ്ഞു.
9അതിന് ഏശാവ്: “സഹോദരാ, എനിക്ക് വേണ്ടത്ര ഉണ്ട്; നിനക്കുള്ളത് നിനക്കു ഇരിക്കട്ടെ” എന്നു പറഞ്ഞു.
10അതിന് യാക്കോബ്: “അങ്ങനെയല്ല, എന്നോട് കൃപ ഉണ്ടെങ്കിൽ എന്‍റെ സമ്മാനം എന്‍റെ കൈയിൽനിന്നു വാങ്ങേണമേ; ദൈവത്തിന്‍റെ മുഖം കാണുന്നതുപോലെ ഞാൻ നിന്‍റെ മുഖം കാണുകയും നിനക്കു എന്നോട് ദയ തോന്നുകയും ചെയ്തുവല്ലോ; 11ഞാൻ അയച്ചിരിക്കുന്ന സമ്മാനം വാങ്ങേണമേ; ദൈവം എന്നോട് കൃപ ചെയ്തിരിക്കുന്നു; എനിക്ക് വേണ്ടത്ര ഉണ്ട്” എന്നു പറഞ്ഞ് ഏശാവിനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അത് വാങ്ങി.
12പിന്നെ ഏശാവ്: “നമുക്കു യാത്ര തുടരാം; ഞാൻ നിനക്കു മുൻപായി നടക്കാം” എന്നു പറഞ്ഞു.
13അതിന് യാക്കോബ് അവനോട്: “കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും. 14യജമാനൻ അടിയനു മുൻപായി പോയാലും; എന്‍റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്ക് ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്‍റെ അടുക്കൽ വന്നുകൊള്ളാം” എന്നു പറഞ്ഞു.
15“എന്‍റെ ആളുകളിൽ ചിലരെ ഞാൻ നിന്‍റെ അടുക്കൽ നിർത്തട്ടെ” എന്നു ഏശാവ് പറഞ്ഞു.
അതിന്: “എന്തിന്? യജമാനന്‍റെ കൃപയുണ്ടായാൽ മതി” എന്നു അവൻ പറഞ്ഞു.
16അങ്ങനെ ഏശാവ് അന്നു തന്‍റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി. 17യാക്കോബോ സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിനു തൊഴുത്തുകളും കെട്ടി; അതുകൊണ്ട് ആ സ്ഥലത്തിന് സുക്കോത്ത് എന്നു പേരു പറയുന്നു.
18യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശെഖേംപട്ടണത്തിൽ സുരക്ഷിതമായി എത്തി പട്ടണത്തിനരികെ കൂടാരമടിച്ചു. 19താൻ കൂടാരമടിച്ച സ്ഥലത്തിന്‍റെ ഒരു ഭാഗം ശെഖേമിന്‍റെ അപ്പനായ ഹാമോരിന്‍റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി. 20അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന് ഏൽ-എലോഹേ-യിസ്രായേൽ#33:20 ഏൽ-എലോഹേ-യിസ്രായേൽ യിസ്രായേലിന്‍റെ ശക്തനായ ദൈവം എന്നു പേർവിളിച്ചു.

Atualmente Selecionado:

ഉല്പ. 33: IRVMAL

Destaque

Compartilhar

Copiar

None

Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login

Vídeo para ഉല്പ. 33