ഉല്പ. 24
24
യിസ്ഹാക്കും റിബേക്കയും
1അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു. 2തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ള സമ്പത്തിനൊക്കെയും കാര്യവിചാരകനായ ദാസനോട് അബ്രാഹാം പറഞ്ഞത്: “നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക; #24:2 ആ കാലഘട്ടത്തില് ഒരു കരാര് ഉറപ്പിക്കുവാന് വേണ്ടി അങ്ങനെ ചെയ്തു വന്നിരുന്നു 3ചുറ്റും വസിക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന് ഭാര്യയെ എടുക്കാതെ, 4എന്റെ ദേശത്തും എന്റെ കുടുംബക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന് ഭാര്യയെ എടുക്കുമെന്ന് സ്വർഗ്ഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കും.”
5ദാസൻ അവനോട്: “പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്ക് വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകണമോ?“ എന്നു ചോദിച്ചു.
6അബ്രാഹാം അവനോട് പറഞ്ഞത്: “എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക. 7എന്റെ പിതൃഭവനത്തിൽ നിന്നും ജന്മദേശത്തുനിന്നും#24:7 ജന്മദേശം-ബന്ധുജനങ്ങളുടെ ദേശം എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോട് സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിൻ്റെ ദൈവമായ യഹോവ എന്റെ മകന് നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻതക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും. 8എന്നാൽ പെൺകുട്ടിക്ക് നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോവുക മാത്രം അരുത്.”
9അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈവച്ച് ഈ കാര്യത്തെക്കുറിച്ച് അവനോട് സത്യംചെയ്തു. 10അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനനുള്ള വിവിധങ്ങളായ വിശേഷവസ്തുക്കളും കൊണ്ടു പുറപ്പെട്ടു അരാം നഹരായീമില്#24:10 ആരാം നഹരായീം-മെസെപ്പൊത്താമിയ നാഹോരിൻ്റെ പട്ടണത്തിൽ ചെന്നു. 11വൈകുന്നേരം സ്ത്രീകൾ വെള്ളംകോരുവാൻ വരുന്ന സമയത്ത് അവൻ ഒട്ടകങ്ങളെ പട്ടണത്തിന് പുറത്ത് ഒരു കിണറിനരികെ നിർത്തി ഇപ്രകാരം പറഞ്ഞു: 12“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപ ചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ. 13ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളംകോരുവാൻ വരുന്നു. 14‘നിന്റെ പാത്രം ഇറക്കി എനിക്ക് കുടിക്കുവാൻ തരേണം’ എന്നു ഞാൻ പറയുമ്പോൾ: ‘കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം ഞാൻ കൊടുക്കാം’ എന്നു പറയുന്ന പെൺകുട്ടി തന്നെ അവിടുന്ന് അവിടുത്തെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; അവിടുന്ന് എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.”
15അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിൻ്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിൻ്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. 16ബാലിക അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രത്തിൽ വെള്ളം നിറച്ച് കയറി വന്നു. 17ദാസൻ അവളെ കാണുവാനായി ഓടിച്ചെന്നു: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരേണം” എന്നു പറഞ്ഞു.
18“യജമാനനേ, കുടിക്ക” എന്നു അവൾ പറഞ്ഞു വേഗം പാത്രം അവളുടെ തോളിൽനിന്നും താഴ്ത്തി അവനു കുടിക്കുവാൻ കൊടുത്തു. 19അവനു കുടിക്കുവാൻ കൊടുത്തശേഷം: “അങ്ങേയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം” എന്നു പറഞ്ഞു, 20പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. 21ആ പുരുഷൻ അവളെ സൂക്ഷിച്ചു നോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന് മിണ്ടാതിരുന്നു.
22ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈയ്യിലിടുവാൻ പത്തുശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്: 23“നീ ആരുടെ മകൾ? പറയുക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാത്രിയിൽ വിശ്രമിക്കുവാൻ സ്ഥലമുണ്ടോ? എന്നു ചോദിച്ചു.
24അവൾ അവനോട്: “നാഹോരിന് മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിൻ്റെ മകൾ ആകുന്നു ഞാൻ” എന്നു പറഞ്ഞു. 25“ഞങ്ങൾക്ക് വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ട്; രാപാർക്കുവാൻ സ്ഥലവും ഉണ്ട്” എന്നും അവൾ പറഞ്ഞു.
26അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: 27“എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് നടത്തിക്കൊണ്ടുവന്നുവല്ലോ” എന്നു പറഞ്ഞു.
28ബാലിക ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ ഈ കാര്യങ്ങൾ അറിയിച്ചു. 29റിബെക്കായ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു; അവനു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറിനരികെ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു. 30അവൻ മൂക്കുത്തിയും സഹോദരിയുടെ കൈയ്യിൽ വളകളും കാണുകയും “ആ പുരുഷൻ ഇപ്രകാരം എന്നോട് പറഞ്ഞു” എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കുകയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറിനരികെ ഒട്ടകങ്ങളുടെ സമീപത്ത് നിൽക്കുകയായിരുന്നു. 31അപ്പോൾ ലാബാൻ: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്ത് വരിക; എന്തിന് പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
32അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്ക് വയ്ക്കോലും തീനും അവനും കൂടെയുള്ളവർക്കും കാൽ കഴുകുവാൻ വെള്ളവും കൊടുത്തു. അവന്റെ മുമ്പിൽ ഭക്ഷണം വച്ചു. 33എന്നാൽ അവൻ: “ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കുകയില്ല” എന്നു പറഞ്ഞു.
“പറക” എന്നു ലാബാനും പറഞ്ഞു.
34അപ്പോൾ അവൻ പറഞ്ഞത്: “ഞാൻ അബ്രാഹാമിന്റെ ദാസൻ. 35യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു; അവൻ മഹാനായിത്തീർന്നു; യഹോവ അവനു ആട്, മാട്, പൊന്ന്, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയൊക്കെയും കൊടുത്തിരിക്കുന്നു. 36എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായപ്പോൾ എന്റെ യജമാനന് ഒരു മകനെ പ്രസവിച്ചു; അവൻ സർവ്വതും അവനു കൊടുത്തിരിക്കുന്നു. 37‘ഞാൻ പാർക്കുന്ന കനാൻദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്റെ മകനു ഭാര്യയെ എടുക്കാതെ, 38എന്റെ പിതൃഭവനത്തിലും കുടുംബക്കാരുടെ അടുക്കലും ചെന്നു എന്റെ മകനു ഭാര്യയെ എടുക്കേണം എന്നു പറഞ്ഞ് എന്റെ യജമാനൻ എന്നെക്കൊണ്ട് സത്യംചെയ്യിച്ചു.’
39“ഞാൻ എന്റെ യജമാനനോട്: ‘പക്ഷേ സ്ത്രീ എന്നോടുകൂടെ പോരുന്നില്ലെങ്കിലോ’ എന്നു പറഞ്ഞതിന് യജമാനൻ എന്നോട്: 40‘ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ കുടുംബത്തിൽനിന്നും പിതൃഭവനത്തിൽ നിന്നും എന്റെ മകനു ഭാര്യയെ എടുക്കുവാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും; 41എന്റെ കുടുംബക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവർ ബാലികയെ നിനക്കു തന്നില്ല എന്നുവന്നാലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും’ എന്നു പറഞ്ഞു.
42“ഞാൻ ഇന്ന് കിണറിനരികെ വന്നപ്പോൾ പറഞ്ഞത്: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ 43ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളംകോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരിക” എന്നു പറയുമ്പോൾ, 44അവൾ എന്നോട്: “കുടിച്ചാലും, ഞാൻ അങ്ങേയുടെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാം” എന്നു പറയുകയും ചെയ്താൽ അവൾ തന്നെ യഹോവ എന്റെ യജമാനന്റെ മകനു നിയമിച്ച മണവാട്ടിയായിരിക്കട്ടെ.‘
45“ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുംമുമ്പ് ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളംകോരി; ഞാൻ അവളോട്: ‘എനിക്ക് കുടിക്കുവാൻ വെള്ളം തരേണം’ എന്നു പറഞ്ഞു. 46അവൾ വേഗം തോളിൽനിന്നു പാത്രം താഴ്ത്തി: ‘കുടിക്കുക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിക്കുവാൻ കൊടുക്കാം’ എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിക്കുവാൻ വെള്ളം കൊടുത്തു.
47“ഞാൻ അവളോട്: ‘നീ ആരുടെ മകൾ’ എന്നു ചോദിച്ചതിന് അവൾ: ‘മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിൻ്റെ മകൾ’ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു. 48ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകനുവേണ്ടി എടുക്കുവാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായ എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു. 49ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോട് പറയുവിൻ; അല്ല എന്നു വരികിൽ അതും പറയുവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.”
50അപ്പോൾ ലാബാനും ബെഥൂവേലും: “ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയുവാൻ ഞങ്ങൾക്കു കഴിയുകയില്ല. 51ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ” എന്നുത്തരം പറഞ്ഞു. 52അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. 53പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു. 54അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനംചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം
അവൻ: “എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണം” എന്നു പറഞ്ഞു.
55അതിന് അവളുടെ സഹോദരനും അമ്മയും: “ബാലിക ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ” എന്നു പറഞ്ഞു.
56അവൻ അവരോട്: “എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം” എന്നു പറഞ്ഞു.
57“ഞങ്ങൾ ബാലികയെ വിളിച്ചു അവളോടു ചോദിക്കട്ടെ” എന്നു അവർ പറഞ്ഞു. 58അവർ റിബെക്കായെ വിളിച്ച് അവളോട്: “നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ” എന്നു ചോദിച്ചു.
“ഞാൻ പോകുന്നു” എന്നു അവൾ പറഞ്ഞു.
59അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ പരിചാരികയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു. 60അവർ റിബെക്കായെ അനുഗ്രഹിച്ചു അവളോട്:
“സഹോദരീ, നീ ആയിരം പതിനായിരങ്ങളുടെ അമ്മയായി തീരുക;
നിന്റെ സന്തതികൾ, അവരെ വെറുക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ” എന്നു പറഞ്ഞു.
61പിന്നെ റിബെക്കായും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കായെ കൂട്ടിക്കൊണ്ടുപോയി.
62എന്നാൽ യിസ്ഹാക്ക് ബേർലഹയി-രോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കുകയായിരുന്നു. 63വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിക്കുവാൻ വിജനസ്ഥലത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നത് കണ്ടു. 64റിബെക്കായും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി. 65അവൾ ദാസനോട്: “വിജനസ്ഥലത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആര്” എന്നു ചോദിച്ചതിന്
“എന്റെ യജമാനൻ തന്നെ” എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. 66താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
67യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കായെ സ്വീകരിച്ചു #24:67 സ്വീകരിച്ചു പരിഗ്രഹിച്ചുഅവൾ അവനു ഭാര്യയായിത്തീർന്നു; അവൻ അവളെ സ്നേഹിച്ചു. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖത്തിന് ആശ്വാസം ലഭിച്ചു.
Atualmente Selecionado:
ഉല്പ. 24: IRVMAL
Destaque
Compartilhar
Copiar
Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.