യോഹന്നാൻ 17

17
1ഇതു സംസാരിച്ചിട്ടു യേശു സ്വർഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ. 2നീ അവനു നല്കിയിട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. 3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു. 4ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു. 5ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ. 6നീ ലോകത്തിൽനിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. 7നീ എനിക്കു തന്നത് എല്ലാം നിന്റെ പക്കൽനിന്ന് ആകുന്നു എന്ന് അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. 8നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു. 9ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്കുവേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നത്. 10എൻറേത് എല്ലാം നിൻറേതും നിൻറേത് എൻറേതും ആകുന്നു; ഞാൻ അവരിൽ മഹത്ത്വപ്പെട്ടുമിരിക്കുന്നു. 11ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. 12അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. 13ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണമാകേണ്ടതിന് ഇതു ലോകത്തിൽ വച്ചു സംസാരിക്കുന്നു. 14ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു. 15അവരെ ലോകത്തിൽനിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്. 16ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. 17സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു. 18നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു. 19അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന് ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. 20ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. 21നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ. 22നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനും ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിനുംതന്നെ. 24പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. 25നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു. 26നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

Podkreślenie

Udostępnij

Kopiuj

None

Chcesz, aby twoje zakreślenia były zapisywane na wszystkich twoich urządzeniach? Zarejestruj się lub zaloguj