റോമർ 12:8-21
പ്രബോധിപ്പിക്കുന്നവൻ എങ്കിൽ പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ. സ്നേഹം നിർവ്യാജം ആയിരിക്കട്ടെ. തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ. സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ. ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ; പ്രാർഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്വിൻ. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്വിൻ. തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നു കൊൾവിൻ; നിങ്ങളെത്തന്നെ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്. ആർക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ, സകല മനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു, എന്നാൽ “നിന്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.
റോമർ 12:8-21