റോമർ 12:12-21

ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ; പ്രാർഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്‍വിൻ. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ. തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നു കൊൾവിൻ; നിങ്ങളെത്തന്നെ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്. ആർക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ, സകല മനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു, എന്നാൽ “നിന്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.
റോമർ 12:12-21