സങ്കീർത്തനങ്ങൾ 91:1-16
അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ച്: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻകീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. ഒരു അനർഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്ത്വപ്പെടുത്തും. ദീർഘായുസ്സുകൊണ്ട് ഞാൻ അവനു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവനു കാണിച്ചുകൊടുക്കും.
സങ്കീർത്തനങ്ങൾ 91:1-16