സങ്കീർത്തനങ്ങൾ 105:1-20
യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; തൻനാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ. അവനു പാടുവിൻ; അവനു കീർത്തനം പാടുവിൻ; അവന്റെ സകല അദ്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ, അവൻ ചെയ്ത അദ്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ. അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവഭൂമിയിലും ഉണ്ട്. അവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു. അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ. അതിനെ അവൻ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു. നിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു. അവർ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു. അവർ ഒരു ജാതിയെ വിട്ട് മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും. അവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു: എന്റെ അഭിഷിക്തന്മാരെ തൊടരുത്, എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത് എന്നു പറഞ്ഞു. അവൻ ദേശത്ത് ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു. അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ. യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം അവർ അവന്റെ കാലുകളെ വിലങ്ങു കൊണ്ടു ബന്ധിക്കയും അവൻ ഇരുമ്പുചങ്ങലയിൽ കുടുങ്ങുകയും ചെയ്തു. രാജാവ് ആളയച്ച് അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
സങ്കീർത്തനങ്ങൾ 105:1-20