സദൃശവാക്യങ്ങൾ 3:5-26
പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരേയാക്കും; നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക. അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്. അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്. അതു മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല. അതിന്റെ വലംകൈയിൽ ദീർഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു. അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു. മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുത്. അവ നിനക്കു ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല. നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
സദൃശവാക്യങ്ങൾ 3:5-26