യോഹന്നാൻ 19:30-37
യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു. അന്ന് ഒരുക്കനാളും ആ ശബ്ബത്ത്നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാൽ ഒടിച്ച് എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോട് അപേക്ഷിച്ചു. ആകയാൽ പടയാളികൾ വന്ന് ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റേവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്ന്, അവൻ മരിച്ചുപോയി എന്ന് കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനു താൻ സത്യം പറയുന്നു എന്ന് അവൻ അറിയുന്നു. “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്കു നോക്കും” എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.
യോഹന്നാൻ 19:30-37