യാക്കോബ് 1:1-18
ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നത്: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം. എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുത്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആകുന്നു. എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും. പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്. എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
യാക്കോബ് 1:1-18