എബ്രായർ 11:6-12
എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ച് വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീർന്നു. വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു. വിശ്വാസത്താൽ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്ന് എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു. അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.
എബ്രായർ 11:6-12