ഉൽപത്തി 1:1-25
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിൻകീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം. ദൈവം: ആകാശത്തിൻകീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം. വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
ഉൽപത്തി 1:1-25