കൊലൊസ്സ്യർ 3:1-15
ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. ആകയാൽ ദുർന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പേ അവയിൽ നടന്നുപോന്നു. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവയൊക്കെയും വിട്ടുകളവിൻ. അന്യോന്യം ഭോഷ്കു പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ. എല്ലാറ്റിനും മീതെ സമ്പൂർണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ.
കൊലൊസ്സ്യർ 3:1-15