സെഖര്യാവ് 11:4-13

സെഖര്യാവ് 11:4-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക. അവയെ മേടിക്കുന്നവർ കുറ്റം എന്ന് എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല. ഞാൻ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കയുമില്ല. അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് ഇമ്പം എന്നും മറ്റേതിന് ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു. എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്ന് ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പു തോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു. ഞാൻ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാൻ പറഞ്ഞു. അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകല ജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന് അതിനെ മുറിച്ചുകളഞ്ഞു. അത് ആ ദിവസത്തിൽതന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാട് എന്നു ഗ്രഹിച്ചു. ഞാൻ അവരോട്: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു. എന്നാൽ യഹോവ എന്നോട്: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.

സെഖര്യാവ് 11:4-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: കശാപ്പിനു വേർതിരിക്കപ്പെട്ട ആടുകളുടെ ഇടയനാകുക. വാങ്ങുന്നവർ അവയെ കൊല്ലുന്നു; അവർ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വിൽക്കുന്നവർ പറയുന്നു: “ഞാൻ സമ്പന്നനായി തീർന്നിരിക്കകൊണ്ട് സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവയുടെ ഇടയന്മാർക്കുപോലും അവയോടു കരുണയില്ലല്ലോ.” “ഈ ദേശനിവാസികളോട് ഇനിമേൽ എനിക്കു കനിവുതോന്നുകയില്ല” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. “അതേ, ഞാൻ മനുഷ്യരെ ഓരോരുത്തരെയും അവനവന്റെ ഇടയന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും. അവർ ഭൂമിയെ തകർക്കും. അവരുടെ കൈയിൽനിന്ന് ആരെയും ഞാൻ രക്ഷിക്കുകയില്ല.” ആടുവ്യാപാരികൾക്കുവേണ്ടി കശാപ്പു ചെയ്യാനുള്ള ആടുകൾക്കു ഞാൻ ഇടയനായി. ഞാൻ രണ്ടു വടി എടുത്തു; ഒന്നിന് കൃപ എന്നും, മറ്റേതിന് ഐക്യം എന്നും പേരിട്ടു. അങ്ങനെ ഞാൻ ആ ആടുകളെ മേയിച്ചു; ഒരു മാസത്തിൽത്തന്നെ ഞാൻ മൂന്ന് ഇടയന്മാരെ ഓടിച്ചു; അവർ എന്റെ ക്ഷമ കെടുത്തി. അവർക്ക് എന്നോടും വെറുപ്പുണ്ടായി. പിന്നീട് ഞാൻ ആട്ടിൻപറ്റത്തോടു പറഞ്ഞു: “ഞാൻ നിങ്ങളെ മേയ്‍ക്കുകയില്ല; ചാകുന്നതു ചാകട്ടെ; നശിക്കാനുള്ളത് നശിക്കട്ടെ; അവശേഷിക്കുന്നത് അന്യോന്യം കടിച്ചുകീറി ഒന്നു മറ്റൊന്നിന്റെ മാംസം തിന്നട്ടെ.” പിന്നീട് കൃപ എന്നവടി ഞാൻ എടുത്തു രണ്ടായി മുറിച്ചു. അങ്ങനെ സകല മനുഷ്യരോടും ചെയ്തിരുന്ന ഉടമ്പടി അന്നു ഞാൻ അസാധുവാക്കി. ഞാൻ ചെയ്തതു നോക്കിക്കൊണ്ടിരുന്ന ആടുവ്യാപാരികൾ ഇതു സർവേശ്വരന്റെ അരുളപ്പാടാണെന്നു ഗ്രഹിച്ചു. “നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക, ഇല്ലെങ്കിൽ വേണ്ടാ” എന്നു ഞാൻ അവരോടു പറഞ്ഞു. അപ്പോൾ എന്റെ കൂലിയായി മുപ്പതു ശേക്കെൽ വെള്ളി അവർ തൂക്കിത്തന്നു. സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ആ വെള്ളി, എനിക്ക് അവർ മതിച്ചിരിക്കുന്ന മഹത്തായ വില, ദേവാലയത്തിലെ ഭണ്ഡാരത്തിൽ ഇടുക. അങ്ങനെ ആ മുപ്പതു ശേക്കെൽ വെള്ളി വാങ്ങി ഞാൻ ദേവാലയഭണ്ഡാരത്തിൽ ഇട്ടു.

സെഖര്യാവ് 11:4-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറുക്കുവാനുള്ള ആടുകളെ മേയ്ക്ക. അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്‍ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.” “ഞാൻ ഇനി ദേശനിവാസികളെ ആദരിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്‍റെ കൂട്ടുകാരന്‍റെ കൈയിലും അവനവന്‍റെ രാജാവിന്‍റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കുകയുമില്ല.” അങ്ങനെ അറുക്കുവാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് “ഇമ്പം” എന്നും മറ്റേതിന് “ഒരുമ” എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു. എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പുതോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു. “ഞാൻ നിങ്ങളെ മേയ്ക്കുകയില്ല; മരിക്കുന്നത് മരിക്കട്ടെ, കാണാതെപോകുന്നത് കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്‍റെ മാംസം തിന്നുകളയട്ടെ” എന്നു ഞാൻ പറഞ്ഞു. അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജനതകളോടും ചെയ്തിരുന്ന എന്‍റെ നിയമത്തെ മുറിക്കേണ്ടതിന് കോലിനെ മുറിച്ചുകളഞ്ഞു. അത് ആ ദിവസത്തിൽ തന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അത് ദൈവത്തിന്‍റെ അരുളപ്പാട് എന്നു ഗ്രഹിച്ചു. ഞാൻ അവരോട്: “നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്‍റെ കൂലിതരുവിൻ; ഇല്ലെന്നുവരുകിൽ തരേണ്ടാ” എന്നു പറഞ്ഞു; അങ്ങനെ അവർ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു. എന്നാൽ യഹോവ എന്നോട്: “അത് ഭണ്ഡാരത്തിൽ ഇട്ടുകളയുക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ” എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.

സെഖര്യാവ് 11:4-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക. അവയെ മേടിക്കുന്നവർ കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാൻ ധനവാനായ്തീർന്നതുകൊണ്ടു യഹോവെക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല. ഞാൻ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കയ്യിൽനിന്നു ഞാൻ അവരെ രക്ഷിക്കയുമില്ല. അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നേ, മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്തു ഒന്നിന്നു ഇമ്പം എന്നും മറ്റേതിന്നു ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു. എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവർക്കു എന്നോടും നീരസം തോന്നിയിരുന്നു. ഞാൻ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്നു ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാൻ പറഞ്ഞു. അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന്നു അതിനെ മുറിച്ചുകളഞ്ഞു. അതു ആ ദിവസത്തിൽ തന്നേ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാടു എന്നു ഗ്രഹിച്ചു. ഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലിതരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാൽ യഹോവ എന്നോടു: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.

സെഖര്യാവ് 11:4-13 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ മേയിക്കുക. വാങ്ങുന്നവർ അവയെ കശാപ്പുചെയ്യുന്നു; എന്നാൽ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. അവയെ വിൽക്കുന്നവർ, ‘യഹോവയ്ക്കു സ്തോത്രം, ഞാൻ ധനികനായിരിക്കുന്നു’ എന്നു പറയുന്നു. അവരുടെ സ്വന്തം ഇടയന്മാർപോലും അവരോടു കരുണ കാണിക്കുന്നില്ല. ദേശത്തിലെ ജനങ്ങളോട് ഇനി കരുണയുണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഓരോരുത്തരും അവരവരുടെ അയൽവാസികളുടെ പക്കലും രാജാവിന്റെ പക്കലും ഏൽപ്പിക്കും. അവർ ദേശത്തെ തകർക്കും, ഞാൻ അവരുടെ കരങ്ങളിൽനിന്ന് ആരെയും വിടുവിക്കുകയില്ല.” അങ്ങനെ ഞാൻ, അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ, വിശേഷിച്ചു കൂട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവയെ, മേയിച്ചു. പിന്നീട് ഞാൻ രണ്ടു കോൽ എടുത്തു, ഒന്നിനു “പ്രീതി,” എന്നും മറ്റേതിന് “ഒരുമ,” എന്നും പേരിട്ടു. അങ്ങനെ ഞാൻ കൂട്ടത്തെ മേയിച്ചു. ഒരു മാസത്തിനകം മൂന്ന് ഇടയന്മാരെ ഞാൻ ഒഴിവാക്കി. ആട്ടിൻകൂട്ടത്തിന് എന്നോട് വെറുപ്പുതോന്നി, എനിക്ക് അവരോടും മടുപ്പുതോന്നി. “ഞാൻ നിങ്ങളുടെ ഇടയൻ ആയിരിക്കുകയില്ല, ചാകുന്നവ ചാകട്ടെ, നശിക്കുന്നവ നശിക്കട്ടെ. ശേഷിച്ചിരിക്കുന്നവ പരസ്പരം മാംസം തിന്നട്ടെ,” എന്നു പറഞ്ഞു. പിന്നീടു ഞാൻ, പ്രീതി എന്നു പേരുള്ള കോലെടുത്തു; സകലരാജ്യങ്ങളോടും ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചുകൊണ്ട് ഞാൻ അതിനെ ഒടിച്ചുകളഞ്ഞു. ആ ദിവസംതന്നെ അതു ലംഘിക്കപ്പെട്ടു. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന കൂട്ടത്തിലെ പീഡിതർ, അത് യഹോവയുടെ വചനംതന്നെ ആകുന്നു എന്നു തിരിച്ചറിഞ്ഞു. ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക; ഇല്ലെങ്കിൽ, തരേണ്ടതില്ല.” അങ്ങനെ അവർ എനിക്കു മുപ്പതു വെള്ളിക്കാശ് എന്റെ കൂലിയായി തന്നു. യഹോവ എന്നോട്, “അതു കുശവന് എറിഞ്ഞുകളയുക” എന്നു കൽപ്പിച്ചു—അതായിരുന്നു അവർ എന്നെ മതിച്ചവില! അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശെടുത്ത് യഹോവയുടെ ആലയത്തിൽ കുശവന് എറിഞ്ഞുകൊടുത്തു.