രൂത്ത് 1:3-8
രൂത്ത് 1:3-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു. അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു. പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ട് ആ സ്ത്രീ മാത്രം ശേഷിച്ചു. യഹോവ തന്റെ ജനത്തെ സന്ദർശിച്ച് ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‍ദേശത്തുവച്ചു കേട്ടിട്ട് മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു. അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ട് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി. എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയ ചെയ്യുമാറാകട്ടെ.
രൂത്ത് 1:3-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടെവച്ച് എലീമേലെക്ക് മരിച്ചു. മഹ്‍ലോനും കില്യോനും മോവാബ്യരായ രണ്ടു സ്‍ത്രീകളെ വിവാഹം കഴിച്ചു. മഹ്‍ലോന്റെ ഭാര്യ രൂത്തും കില്യോന്റെ ഭാര്യ ഓർപ്പായും ആയിരുന്നു. ഏതാണ്ട് പത്തു വർഷം കഴിഞ്ഞപ്പോൾ മഹ്‍ലോനും കില്യോനും മരിച്ചു; വിധവയായിരുന്ന നവോമിക്ക് അങ്ങനെ പുത്രന്മാരും നഷ്ടപ്പെട്ടു. ധാരാളം വിളവു നല്‌കി സർവേശ്വരൻ സ്വജനത്തിന്റെ ക്ഷാമം മാറ്റിയ വിവരം നവോമി മോവാബിൽവച്ചു കേട്ടു. അവർ പുത്രഭാര്യമാരോടൊപ്പം യെഹൂദ്യയിലേക്കു മടങ്ങിപ്പോകാൻ തയ്യാറായി. അപ്പോൾ നവോമി പറഞ്ഞു: “നിങ്ങൾ ഇരുവരും സ്വന്തം ഭവനത്തിലേക്കു മടങ്ങിപ്പോകുക; എന്നോടും മരിച്ചുപോയ പ്രിയപ്പെട്ടവരോടും നിങ്ങൾ ദയ കാട്ടിയിരുന്നുവല്ലോ. ദൈവം നിങ്ങളോടും ദയ കാണിക്കട്ടെ.
രൂത്ത് 1:3-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു. അവളും രണ്ടു പുത്രന്മാരും ശേഷിച്ചു. പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ. അവർ ഏകദേശം പത്തു വര്‍ഷം അവിടെ പാർത്തു. പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്‍റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു. പിന്നീട് യഹോവ തന്റെ ജനത്തെ സന്ദർശിച്ച് ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി. അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി. അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: “നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ. മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ.
രൂത്ത് 1:3-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു. അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു. പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു. യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടിട്ടു മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു. അങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി. എന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
രൂത്ത് 1:3-8 സമകാലിക മലയാളവിവർത്തനം (MCV)
കുറച്ചുനാളുകൾക്കുശേഷം നവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു. നവൊമിയും രണ്ടു പുത്രന്മാരുംമാത്രം ശേഷിച്ചു. അവർ ഓരോരുത്തരും ഓരോ മോവാബ്യസ്ത്രീകളെ വിവാഹംചെയ്തു; ഒരാളുടെപേര് ഓർപ്പ എന്നും മറ്റേയാളുടേത് രൂത്ത് എന്നുമായിരുന്നു. ഏകദേശം പത്തുവർഷം അവർ അവിടെ ജീവിച്ചു. അതിനുശേഷം മഹ്ലോനും കില്യോനും മരിച്ചു. അങ്ങനെ ഭർത്താവും രണ്ടു പുത്രന്മാരും നഷ്ടപ്പെട്ടവളായി നവൊമിമാത്രം ശേഷിച്ചു. യഹോവ തന്റെ ജനത്തിന് നല്ല വിളവുനൽകി അനുഗ്രഹിച്ചു എന്ന് നവൊമി മോവാബിൽവെച്ച് അറിഞ്ഞപ്പോൾ അവരും മരുമക്കളും സ്വദേശത്തേക്കു മടങ്ങാൻ തയ്യാറെടുത്തു. അങ്ങനെ രണ്ടു മരുമക്കളോടുമൊപ്പം നവൊമി താമസസ്ഥലമായ മോവാബുദേശം വിട്ട് യെഹൂദ്യയിലേക്കുള്ള വഴിയിലൂടെ യാത്രതിരിച്ചു. എന്നാൽ വഴിമധ്യേ നവൊമി തന്റെ രണ്ടു മരുമക്കളോടും ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. മരിച്ചുപോയ നിങ്ങളുടെ ഭർത്താക്കന്മാരോടും എന്നോടും നിങ്ങൾ കരുണകാണിച്ചതുപോലെ യഹോവ നിങ്ങളോടും കരുണകാണിക്കട്ടെ.