റോമർ 9:27-33
റോമർ 9:27-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽമക്കളുടെ എണ്ണം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ച് ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചുപറയുന്നു. “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടൂ? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതിതന്നെ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ട്? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
റോമർ 9:27-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെശയ്യാപ്രവാചകൻ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമാണ് ഇസ്രായേൽജനമെങ്കിലും, അവരിൽ ഒരു പിടിയാളുകൾ മാത്രമേ രക്ഷപ്രാപിക്കൂ. സർവേശ്വരൻ ഭൂമിയിലുള്ള സകലജനത്തിന്റെയും കണക്കുനോക്കി അന്തിമമായി വേഗം ന്യായം വിധിക്കും.” യെശയ്യാ നേരത്തെ പറഞ്ഞിരിക്കുന്നതുപോലെ “നമ്മുടെ വംശം നിലനിർത്തുന്നതിന് ഏതാനും ആളുകളെ സർവശക്തനായ ദൈവം അവശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സോദോമിനെപ്പോലെയും ഗോമോറെയെപ്പോലെയും ആകുമായിരുന്നു.” അപ്പോൾ നാം എന്താണു പറയേണ്ടത്? ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാൻ ശ്രമിക്കാതിരുന്ന വിജാതീയർ വിശ്വാസംമൂലം ദൈവത്തോടുള്ള ഉറ്റബന്ധത്തിൽ ആയിത്തീർന്നു. നേരേമറിച്ച് ധർമശാസ്ത്രപ്രകാരം ദൈവത്തോടുള്ള ബന്ധം ക്രമപ്പെടുത്തുവാൻ ശ്രമിച്ച ഇസ്രായേൽജനത്തിന് അതു സാധിച്ചില്ല. എന്തുകൊണ്ട്? വിശ്വാസത്തെ അവലംബമാക്കാതെ തങ്ങളുടെ കർമങ്ങളെ ആശ്രയിച്ചതുകൊണ്ടുതന്നെ. തന്നിമിത്തം അവർ ഇടർച്ചയുടെ പാറയിൽ തട്ടിവീണു. ഇതാ, സീയോനിൽ ഞാൻ ഒരു ശില സ്ഥാപിച്ചിരിക്കുന്നു, ജനങ്ങളെ തട്ടിവീഴ്ത്തുന്ന ഒരു തടങ്കൽ പാറതന്നെ. എന്നാൽ ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവൻ ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല എന്നു വേദലിഖിതത്തിൽ പറയുന്നു.
റോമർ 9:27-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവ് ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു. “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറയ്ക്ക് സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. ആകയാൽ നാം എന്ത് പറയേണ്ടു? നീതിയെ പിന്തുടരാത്ത ജനതകൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നെ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ അതിങ്കൽ എത്തിയില്ല. അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വെയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല.” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 9:27-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു. “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി: “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 9:27-33 സമകാലിക മലയാളവിവർത്തനം (MCV)
യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു: “ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ. കർത്താവ് അതിവേഗത്തിലും കൃതകൃത്യതയോടും ഭൂമിയിൽ ന്യായവിധി നിർവഹിക്കും.” “സൈന്യങ്ങളുടെ കർത്താവ് നമ്മുടെ തലമുറയിൽ ചിലരെയെങ്കിലും ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ, നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു,” എന്ന് യെശയ്യാവ് മുൻകൂട്ടിത്തന്നെ പറഞ്ഞിരുന്നല്ലോ! ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? യഥാർഥത്തിൽ ദൈവികനീതി അന്വേഷിക്കാതിരുന്നവരായ ഇസ്രായേല്യേതരർക്കാണ് ആ നീതി ലഭിച്ചത്. അതു വിശ്വാസത്താലുള്ള നീതിതന്നെ. എന്നാൽ, ന്യായപ്രമാണത്തിലൂടെ നീതി ലഭിക്കാൻ പരിശ്രമിച്ചവരായ ഇസ്രായേല്യർക്കാകട്ടെ, അതു ലഭിച്ചതുമില്ല. എന്തുകൊണ്ടാണ് അവർക്കതു ലഭിക്കാതിരുന്നത്? വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളാൽ സാധിക്കുമെന്നു വിചാരിച്ച് നീതിയെ അന്വേഷിച്ചതുകൊണ്ടാണ് അവർ ഇടർച്ചക്കല്ലിൽ തട്ടിവീണത്. “ഇതാ, ഞാൻ സീയോനിൽ, കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയും വെക്കുന്നു. അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല,” എന്ന് എഴുതിയിട്ടുണ്ടല്ലോ.