റോമർ 8:5-17
റോമർ 8:5-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജഡസ്വഭാവമുള്ളവർ ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവുംതന്നെ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന് ജഡത്തിനല്ല കടക്കാരാകുന്നത്. നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും. ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളുംതന്നെ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
റോമർ 8:5-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപസ്വഭാവത്തിനു വിധേയരായവർ അതിന്റെ ഇച്ഛയ്‍ക്കനുസൃതമായും, ദൈവാത്മാവിന്റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവർ അതിന് അനുസൃതമായും ചിന്തിക്കുന്നു. പാപസ്വഭാവത്താൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂർണമായ ജീവിതത്തിനും കാരണമായിത്തീരുന്നു. പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവർ ദൈവത്തോടു ശത്രുതയിൽ കഴിയുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ പ്രമാണം അവർ അനുസരിക്കുന്നില്ല; അനുസരിക്കുവാൻ കഴിയുകയുമില്ല. പാപസ്വഭാവത്തിനു വിധേയരായവർക്കു ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്. ദൈവത്തിന്റെ ആത്മാവ് യഥാർഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ പാപസ്വഭാവത്തിനു വിധേയരല്ല; ദൈവാത്മാവിനു വിധേയരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. എന്നാൽ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മർത്യമാണെങ്കിലും ക്രിസ്തു നിങ്ങളിൽ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്റെ രക്ഷകപ്രവർത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങൾക്കു ജീവനായിരിക്കും. യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നെങ്കിൽ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവം ആത്മാവിനാൽ നിങ്ങളുടെ മർത്യശരീരങ്ങൾക്കും ജീവൻ നല്‌കും. അതുകൊണ്ട് സഹോദരരേ, ഇനിമേൽ പാപസ്വഭാവമനുസരിച്ചു ജീവിക്കുവാൻ നാം കടപ്പെട്ടവരല്ല. പാപസ്വഭാവമനുസരിച്ചു ജീവിക്കുന്നെങ്കിൽ നിങ്ങൾ നിശ്ചയമായും മരിക്കും. എന്നാൽ ആത്മാവിനു വിധേയരായി, ശരീരത്തിന്റെ പാപകരമായ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാകുന്നു. നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ. നാം ദൈവത്തിന്റെ മക്കളാകുന്നുവെന്ന്, ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേർന്നു പ്രഖ്യാപനം ചെയ്യുന്നു. നാം ദൈവത്തിന്റെ മക്കളായതുകൊണ്ട് അവിടുത്തെ അവകാശികളാകുന്നു; മാത്രമല്ല, ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണ്. ക്രിസ്തുവിന്റെ കഷ്ടതകളിൽ നാം പങ്കാളികളാകുന്നെങ്കിൽ അവിടുത്തെ മഹത്ത്വത്തിനും നാം പങ്കാളികളാകും.
റോമർ 8:5-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിൻ്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നെ. ജഡത്തിൻ്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരു വശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന് ജഡത്തിനല്ല കടപ്പെട്ടവർ. നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും. ദൈവത്തിന്‍റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു അടിമത്തത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ഒരു വശത്ത് ദൈവത്തിന്‍റെ അവകാശികളും, മറുവശത്ത് ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും തന്നെ; നാം അവനോടുകൂടെ കഷ്ടമനുഭവിക്കുന്നു എങ്കിൽ; അവനോടുകൂടെ തേജസ്കരിക്കപ്പെടുകയും ചെയ്യും.
റോമർ 8:5-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു. നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും. ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
റോമർ 8:5-17 സമകാലിക മലയാളവിവർത്തനം (MCV)
പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല. എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല. പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു. യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും. അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല. പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ. തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “ അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു. ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.