റോമർ 8:5-11
റോമർ 8:5-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജഡസ്വഭാവമുള്ളവർ ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവുംതന്നെ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
റോമർ 8:5-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപസ്വഭാവത്തിനു വിധേയരായവർ അതിന്റെ ഇച്ഛയ്ക്കനുസൃതമായും, ദൈവാത്മാവിന്റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവർ അതിന് അനുസൃതമായും ചിന്തിക്കുന്നു. പാപസ്വഭാവത്താൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂർണമായ ജീവിതത്തിനും കാരണമായിത്തീരുന്നു. പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവർ ദൈവത്തോടു ശത്രുതയിൽ കഴിയുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ പ്രമാണം അവർ അനുസരിക്കുന്നില്ല; അനുസരിക്കുവാൻ കഴിയുകയുമില്ല. പാപസ്വഭാവത്തിനു വിധേയരായവർക്കു ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്. ദൈവത്തിന്റെ ആത്മാവ് യഥാർഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ പാപസ്വഭാവത്തിനു വിധേയരല്ല; ദൈവാത്മാവിനു വിധേയരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. എന്നാൽ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മർത്യമാണെങ്കിലും ക്രിസ്തു നിങ്ങളിൽ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്റെ രക്ഷകപ്രവർത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങൾക്കു ജീവനായിരിക്കും. യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നെങ്കിൽ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവം ആത്മാവിനാൽ നിങ്ങളുടെ മർത്യശരീരങ്ങൾക്കും ജീവൻ നല്കും.
റോമർ 8:5-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു. ജഡത്തിൻ്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നെ. ജഡത്തിൻ്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്പെടുന്നില്ല, കീഴ്പെടുവാൻ അതിന് കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരു വശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
റോമർ 8:5-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല. നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
റോമർ 8:5-11 സമകാലിക മലയാളവിവർത്തനം (MCV)
പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു. കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല. പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല. എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല. പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു. യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.