റോമർ 8:31-39
റോമർ 8:31-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടൂ? ദൈവം നമുക്ക് അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.
റോമർ 8:31-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരു നമുക്ക് എതിരു നില്‌ക്കും? സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവർക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേൽ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ. അപ്പോൾ അവരെ കുറ്റവാളികളെന്നു വിധിക്കുവാൻ ആർക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു. നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു വേർപെടുത്തുവാൻ ആർക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ? അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ ഞങ്ങൾ ദിനംതോറും നേരിടുന്നു; കൊല്ലുവാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ ഞങ്ങൾ എണ്ണപ്പെടുന്നു എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂർണവിജയമുണ്ട്. മരണത്തിനോ, ജീവനോ, മാലാഖമാർക്കോ, മാനുഷികമല്ലാത്ത അധികാരങ്ങൾക്കോ, ശക്തികൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്തുവാൻ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.
റോമർ 8:31-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതു സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു ദാനമായി നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; അതിനേക്കാളുപരിയായി മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.
റോമർ 8:31-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
റോമർ 8:31-39 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ? “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു: അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,” എന്ന് എഴുതിയിരിക്കുന്നല്ലോ. നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.