റോമർ 8:18-26

റോമർ 8:18-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായയ്ക്കു കീഴ്പെട്ടിരിക്കുന്നു, മനഃപൂർവമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ. സർവസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു. അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാർഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 8 വായിക്കുക

റോമർ 8:18-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താൽ ഇപ്പോഴുള്ള കഷ്ടതകൾ ഏറ്റവും നിസ്സാരമെന്നു ഞാൻ കരുതുന്നു. ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാൽത്തന്നെ, സൃഷ്‍ടി വ്യർഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു. എന്നിരുന്നാലും സൃഷ്‍ടിതന്നെ നശ്വരതയുടെ അടിമത്തത്തിൽനിന്ന് ഒരിക്കൽ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തിൽ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു. അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ. സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്റെ വരദാനങ്ങളിൽ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവിൽ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്റെ പുത്രന്മാരാക്കുന്നതിനും പൂർണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ. ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാൽ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കിൽ, ആ പ്രത്യാശ യഥാർഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്? എന്നാൽ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കിൽ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു. അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാർഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകൾ കൂടാതെയുള്ള ഞരക്കത്താൽ നമുക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ നിവേദനം നടത്തുന്നു.

പങ്ക് വെക്കു
റോമർ 8 വായിക്കുക

റോമർ 8:18-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സിനോട്; ഈ കാലത്തിലെ കഷ്ടങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ല എന്നു ഞാൻ കരുതുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിലേക്കുള്ള ദാസ്യത്തിൽനിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ വ്യർത്ഥതയ്ക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവൻ്റെ കല്പന നിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. അതുമാത്രമല്ല, ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിയ്ക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുവൻ ഇപ്പോൾ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു. അതുപോലെ തന്നെ ആത്മാവ് നമ്മുടെ ബലഹീനതയിൽ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 8 വായിക്കുക

റോമർ 8:18-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു? നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു. അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 8 വായിക്കുക

റോമർ 8:18-26 സമകാലിക മലയാളവിവർത്തനം (MCV)

നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്. സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്? എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 8 വായിക്കുക

റോമർ 8:18-26

റോമർ 8:18-26 MALOVBSI