റോമർ 8:14-19
റോമർ 8:14-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളുംതന്നെ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
റോമർ 8:14-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാകുന്നു. നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ. നാം ദൈവത്തിന്റെ മക്കളാകുന്നുവെന്ന്, ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേർന്നു പ്രഖ്യാപനം ചെയ്യുന്നു. നാം ദൈവത്തിന്റെ മക്കളായതുകൊണ്ട് അവിടുത്തെ അവകാശികളാകുന്നു; മാത്രമല്ല, ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണ്. ക്രിസ്തുവിന്റെ കഷ്ടതകളിൽ നാം പങ്കാളികളാകുന്നെങ്കിൽ അവിടുത്തെ മഹത്ത്വത്തിനും നാം പങ്കാളികളാകും. നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താൽ ഇപ്പോഴുള്ള കഷ്ടതകൾ ഏറ്റവും നിസ്സാരമെന്നു ഞാൻ കരുതുന്നു. ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു.
റോമർ 8:14-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തിന്‍റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു അടിമത്തത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ഒരു വശത്ത് ദൈവത്തിന്‍റെ അവകാശികളും, മറുവശത്ത് ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും തന്നെ; നാം അവനോടുകൂടെ കഷ്ടമനുഭവിക്കുന്നു എങ്കിൽ; അവനോടുകൂടെ തേജസ്കരിക്കപ്പെടുകയും ചെയ്യും. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സിനോട്; ഈ കാലത്തിലെ കഷ്ടങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ല എന്നു ഞാൻ കരുതുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
റോമർ 8:14-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
റോമർ 8:14-19 സമകാലിക മലയാളവിവർത്തനം (MCV)
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ. തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “ അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു. ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു. ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും. നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു. ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.