റോമർ 5:1-21

റോമർ 5:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്ക് ദൈവത്തോടു സമാധാനം ഉണ്ട്. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്ക് അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശയ്ക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. നാം ബലഹീനർ ആയിരിക്കുമ്പോൾതന്നെ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുർലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾതന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പ് വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. അത്രയുമല്ല, നമുക്ക് ഇപ്പോൾ നിരപ്പു ലഭിച്ചതിനു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു. അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു. പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാംമുതൽ മോശെവരെ വാണിരുന്നു. എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണവിധിക്കു ഹേതുവായിത്തീർന്നു. ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. അങ്ങനെ ഏകലംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. എന്നാൽ ലംഘനം പെരുകേണ്ടതിനു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർധിച്ചു. പാപം മരണത്താൽ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിനുതന്നെ.

പങ്ക് വെക്കു
റോമർ 5 വായിക്കുക

റോമർ 5:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിശ്വാസത്താൽ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ട നാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽക്കൂടി ദൈവത്തോടു രഞ്ജിച്ച് സമാധാനമുള്ള അവസ്ഥയിലായിരിക്കുന്നു. ദൈവകൃപയുടെ അനുഭവത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ക്രിസ്തു മുഖേന ഈ അനുഭവത്തിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ദൈവതേജസ്സിൽ പങ്കാളികളാകാമെന്നുള്ള പ്രത്യാശയിൽ നാം ആനന്ദിക്കുന്നു. മാത്രമല്ല, നമ്മുടെ കഷ്ടതകളിൽപോലും നാം ആനന്ദിക്കുന്നു. എന്തെന്നാൽ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം. ഈ പ്രത്യാശ നിറവേറാതിരിക്കുകയില്ല. എന്തെന്നാൽ നമുക്കു നല്‌കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവം തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിറച്ചിരിക്കുന്നു. നാം ബലഹീനരായിരിക്കുമ്പോൾത്തന്നെ ക്രിസ്തു അധർമികളായ നമുക്കുവേണ്ടി യഥാസമയം മരിച്ചു. ഒരു നീതിമാനുവേണ്ടിയായാൽപോലും ആരെങ്കിലും മരിക്കുവാൻ തയ്യാറാകുക ചുരുക്കമാണ്. ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കുവാൻ വല്ലവരും ചിലപ്പോൾ തുനിഞ്ഞെന്നുവരാം. എന്നാൽ നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കിയിരിക്കുന്നു. ക്രിസ്തുവിന്റെ മരണത്താൽ ദൈവമുമ്പാകെ കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നാം ഇപ്പോൾ ദൈവകോപത്തിൽനിന്ന് ക്രിസ്തു മുഖാന്തരം വിമുക്തരാകുമെന്നുള്ളത് നിശ്ചയമല്ലേ? നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നു. എന്നാൽ തന്റെ പുത്രന്റെ മരണത്താൽ നമ്മെ അവിടുത്തെ മിത്രങ്ങളാക്കിത്തീർത്തു. നാം ദൈവത്തിന്റെ മിത്രങ്ങളായതുകൊണ്ട് ക്രിസ്തുവിന്റെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നുള്ളത് എത്രയധികം നിശ്ചയമാണ്! അതുമാത്രമല്ല, നമ്മെ ഇപ്പോൾ ദൈവത്തിന്റെ മിത്രങ്ങളാക്കിത്തീർത്ത നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽകൂടി നാം ദൈവത്തിൽ ആശ്രയിച്ച് ആനന്ദം പ്രാപിക്കുന്നു. ഏക മനുഷ്യൻ മുഖാന്തരം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. എല്ലാവരും പാപം ചെയ്തതിനാൽ മരണം സകല മനുഷ്യരിലും വ്യാപിച്ചു. ധർമശാസ്ത്രം നല്‌കപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. എന്നാൽ അന്ന് നിയമങ്ങൾ ഇല്ലാഞ്ഞതുകൊണ്ട് അത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല. ആദാമിന്റെ കാലംമുതൽ മോശയുടെ കാലംവരെ മരണം മനുഷ്യവർഗത്തിന്മേൽ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവർപോലും മരണത്തിന്റെ ആധിപത്യത്തിൽ അമർന്നിരുന്നു. ആദാം വരുവാനിരുന്നവന്റെ പ്രതിരൂപമാകുന്നു. എന്നാൽ കൃപാവരവും ആദാമിന്റെ അപരാധവും തമ്മിൽ അന്തരമുണ്ട്. ഒരുവന്റെ അപരാധത്താൽ അനേകമാളുകൾ മരിച്ചു എങ്കിൽ ദൈവത്തിന്റെ കൃപയും യേശുക്രിസ്തു എന്ന ഏക മനുഷ്യനിൽ കൂടിയുള്ള കൃപാദാനവും അസംഖ്യമാളുകളുടെമേൽ എത്ര അധികമായി ചൊരിയുന്നു! ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല കൃപാവരം. ന്യായവിധിയിൽ ഏകമനുഷ്യന്റെ പാപം ശിക്ഷാവിധി വരുത്തുന്നു. എന്നാൽ കൃപാവരത്താൽ മനുഷ്യൻ അനേകം പാപങ്ങളിൽനിന്നു വിമോചിതനായി നിരപരാധൻ എന്നു വിധിക്കപ്പെടുന്നു. ഏക മനുഷ്യന്റെ പാപംമൂലം മരണം ഭരണം നടത്തിയെങ്കിൽ കൃപാവരവും നീതി എന്ന ദാനവും സമൃദ്ധമായി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏക മനുഷ്യനിൽ കൂടി ജീവനിൽ എത്രയധികമായി വാഴും! അങ്ങനെ ഒരു മനുഷ്യന്റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചതുപോലെ നീതിയിലേക്കു നയിക്കുന്ന ഒരു പ്രവൃത്തിമൂലം എല്ലാവർക്കും ജീവൻ ലഭിക്കുകയും എല്ലാവരും കുറ്റമില്ലാത്തവരായി അംഗീകരിക്കപ്പെടുകയും ചെയ്തു. അതുപോലെതന്നെ ഒരുവന്റെ അനുസരണക്കേടിനാൽ അസംഖ്യമാളുകൾ പാപികളായിത്തീർന്നതുപോലെ ഒരുവന്റെ അനുസരണത്താൽ അസംഖ്യം ആളുകൾ നീതിമാന്മാരാക്കപ്പെടും. പാപം വർധിക്കുവാനാണ് നിയമം ആവിർഭവിച്ചത്. എന്നാൽ പാപം വർധിച്ചപ്പോൾ അതിലധികമായി കൃപ പെരുകി. മരണത്തിലൂടെ പാപം വാണതുപോലെ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്റെ രക്ഷകപ്രവർത്തനത്തിലൂടെ അനശ്വരജീവൻ കൈവരുത്തുന്നതിനായി കൃപയും വാണരുളും.

പങ്ക് വെക്കു
റോമർ 5 വായിക്കുക

റോമർ 5:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. നാം നില്ക്കുന്ന ഈ കൃപയിലേക്ക് നമുക്കു അവൻ മുഖാന്തരം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിൻ്റെ പ്രത്യാശയിൽ ആനന്ദിക്കുന്നു. അത് മാത്രമല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞ് നാം കഷ്ടങ്ങളിലും ആനന്ദിക്കുന്നു. ഈ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുകയില്ല; എന്തുകൊണ്ടെന്നാൽ ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി ഒരുപക്ഷേ മരിക്കുവാൻ തുനിയുമായിരിക്കും. ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള അവന്‍റെ സ്നേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നു. അവന്‍റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി ദൈവകോപത്തിൽ നിന്നു രക്ഷിക്കപ്പെടും. നാം ശത്രുക്കളായിരിക്കുമ്പോൾത്തന്നെ നമുക്ക് അവന്‍റെ പുത്രന്‍റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്‍റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. അതുമാത്രമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന് കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ച്, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും വ്യാപിച്ചു. പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. എങ്കിലും വരുവാനുള്ളവൻ്റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിന് തുല്യമായ പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. എന്നാൽ കൃപാദാനം അതിക്രമം പോലെയല്ല; ഏകൻ്റെ ലംഘനത്താൽ അനേകർ മരിച്ചു, എന്നാൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികമായി കവിഞ്ഞിരിക്കുന്നു. ഏകൻ പാപം ചെയ്തതിൻ്റെ ഫലം പോലെയല്ല ഈ ദാനം; ഒരു ഭാഗത്ത് ഏകൻ്റെ ലംഘനം ശിക്ഷാവിധി കല്പിക്കുവാൻ ഹേതുവായിത്തീർന്നു. എന്നാൽ മറുഭാഗത്ത് ഈ കൃപാദാനം അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തീർന്നു. ഏകൻ്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിൻ്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിപ്രവൃത്തിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യൻ്റെ ലംഘനത്താൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയിടത്ത് കൃപ അതിലേറെ വർദ്ധിച്ചു. പാപം മരണത്തിൽകൂടെ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നെ.

പങ്ക് വെക്കു
റോമർ 5 വായിക്കുക

റോമർ 5:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു. അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു. ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.

പങ്ക് വെക്കു
റോമർ 5 വായിക്കുക

റോമർ 5:1-21 സമകാലിക മലയാളവിവർത്തനം (MCV)

ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്. ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും. അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്; കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു. നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു. ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു. ആദാം എന്ന ഏകമനുഷ്യൻമുഖേന പാപവും, പാപംമുഖേന മരണവും ലോകത്തിലേക്കു പ്രവേശിച്ചു. ഇങ്ങനെ, എല്ലാവരും പാപംചെയ്തതിനാൽ മരണം എല്ലാവരിലേക്കും വ്യാപിച്ചു. ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. പക്ഷേ, ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപം എങ്ങനെ നിർവചിക്കപ്പെടും? ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ പ്രതിച്ഛായയായിരുന്നു. എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു. ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി. ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും! അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു. ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും. എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു. ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ.

പങ്ക് വെക്കു
റോമർ 5 വായിക്കുക