റോമർ 3:23-27
റോമർ 3:23-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻതന്നെ അങ്ങനെ ചെയ്തത്. ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗത്താൽ? കർമമാർഗത്താലോ? അല്ല, വിശ്വാസമാർഗത്താലത്രേ.
റോമർ 3:23-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി. ദൈവം തന്റെ സൗജന്യ കൃപാവരത്താൽ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവർഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്റെ രക്ഷകപ്രവർത്തനത്തിൽകൂടിയാണ് അതു നിർവഹിക്കുന്നത്. മനുഷ്യന്റെ പാപപരിഹാരത്തിനുള്ള മാർഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവൻ യാഗമായി അർപ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങൾ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങൾ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂർവം അവ ഇല്ലായ്മ ചെയ്ത പൂർവകാലത്തും ഇക്കാലത്തും ദൈവം തന്റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവിൽ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു. അങ്ങനെയെങ്കിൽ നമുക്ക് ആത്മപ്രശംസചെയ്യാൻ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധർമശാസ്ത്രം അനുശാസിക്കുന്ന മാർഗം വിട്ട് വിശ്വാസത്തിന്റെ മാർഗം നാം സ്വീകരിക്കുന്നു എന്നതാണ്.
റോമർ 3:23-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപംചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്‍റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്. ആകയാൽ പ്രശംസ എവിടെ? അത് പൊയ്പോയി. ഏത് അടിസ്ഥാനത്തിൽ? പ്രവൃത്തിയാലോ? അല്ല, വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലത്രെ.
റോമർ 3:23-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മമാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.
റോമർ 3:23-27 സമകാലിക മലയാളവിവർത്തനം (MCV)
യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്. അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്.