റോമർ 2:12-16
റോമർ 2:12-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽതന്നെ.
റോമർ 2:12-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവർ, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവർ നിയമപ്രകാരം വിധിക്കപ്പെടും. നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവൻ ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ. നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയർ അത് അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായ പ്രേരണമൂലം ചെയ്യുമ്പോൾ അവർ തങ്ങൾക്കുതന്നെ ഒരു ധാർമികനിയമമായി പരിണമിക്കുന്നു. നിയമം അനുശാസിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികൾമൂലം അവർ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാൽ അവരുടെ വിചാരങ്ങളിൽ ചിലത് അവരുടെമേൽ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവിൽകൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും.
റോമർ 2:12-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജനതകൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു. ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നെ.
റോമർ 2:12-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
റോമർ 2:12-16 സമകാലിക മലയാളവിവർത്തനം (MCV)
ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും. ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു. അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.