റോമർ 15:23-33
റോമർ 15:23-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാൺമാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു. ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ധർമോപകാരം ചെയ്‍വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് ഇഷ്ടം തോന്നി. അവർക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. ഞാൻ അതു നിവർത്തിച്ച് ഈ ഫലം അവർക്ക് ഏല്പിച്ചു ബോധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു. എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു പ്രസാദമായിത്തീരേണ്ടതിനും ഇങ്ങനെ ഞാൻ ദൈവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിനും നിങ്ങൾ എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാർഥനയിൽ എന്നോടുകൂടെ പോരാടേണം എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
റോമർ 15:23-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ഈ പ്രദേശങ്ങളിലുള്ള എന്റെ പ്രവർത്തനം പൂർത്തിയായിരിക്കുന്നതുകൊണ്ടും, നിങ്ങളെ വന്നു കാണാൻ ദീർഘകാലമായി ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടും, സ്പെയിനിലേക്കു പോകുന്നവഴി നിങ്ങളെ സന്ദർശിക്കാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങോട്ടു പോകുന്നതിനാവശ്യമുള്ള സഹായം നിങ്ങളിൽനിന്നു ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഏതായാലും, യെരൂശലേമിലെ സഹോദരന്മാർക്കുള്ള സംഭാവനയുമായി ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. അവരിൽ ദരിദ്രരായവർക്കു ധനസഹായം നല്‌കുന്നതിനു മാസിഡോണിയയിലെയും അഖായയിലെയും സഭകൾ തീരുമാനിച്ചിരിക്കുന്നു. അപ്രകാരം ചെയ്യുന്നതിന് അവർ സ്വയം നിശ്ചയിച്ചതാണ്. വാസ്തവം പറഞ്ഞാൽ യെരൂശലേമിലുള്ളവരെ സഹായിക്കുവാൻ അവർക്കു കടപ്പാടുമുണ്ട്; യെഹൂദന്മാരായ വിശ്വാസികൾ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ വിജാതീയർക്കു പങ്കിട്ടല്ലോ; അതുകൊണ്ടു വിജാതീയർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണ്. അവർക്കുവേണ്ടി പിരിച്ചെടുത്ത പണം അത്രയും അവരെ ഏല്പിച്ച് ഈ ജോലി പൂർത്തിയാക്കിയശേഷം സ്പെയിനിലേക്കു പോകുന്നവഴി ഞാൻ നിങ്ങളുടെ അടുക്കലെത്തും. ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹത്തോടുകൂടിയായിരിക്കും ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതെന്ന് എനിക്കറിയാം. സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവും, ആത്മാവു നല്‌കുന്ന സ്നേഹവും മുഖാന്തരം ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു: യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും, യെരൂശലേമിലെ എന്റെ ശുശ്രൂഷ അവിടത്തെ വിശ്വാസികൾക്കു സ്വീകാര്യമായിത്തീരേണ്ടതിനും, എന്നോട് ചേർന്ന് എനിക്കുവേണ്ടി ശുഷ്കാന്തിയോടെ പ്രാർഥിക്കുക. അങ്ങനെ ആനന്ദപൂർണനായി ഞാൻ നിങ്ങളുടെ അടുക്കൽ വരും; നിങ്ങളെ സന്ദർശിക്കുന്നത് എനിക്ക് ഉന്മേഷപ്രദമായിത്തീരുകയും ചെയ്യും. സമാധാനത്തിന്റെ ഉറവിടമായ നമ്മുടെ ദൈവം നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ! ആമേൻ.
റോമർ 15:23-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇപ്പോഴോ എനിക്ക് ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും നിങ്ങളുടെ അടുക്കൽ വരുവാൻ അനേകസംവത്സരമായി വാഞ്ചിക്കുകയാലും, ഞാൻ സ്പെയിനിലേക്ക് യാത്ര ചെയ്യുമ്പോഴൊക്കെയും, പോകുന്ന വഴിക്ക് നിങ്ങളെ കാണ്മാനും നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു. ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്വാൻ യെരൂശലേമിലേക്കു പോകുന്നു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്ക് ഏതാനും ചില സംഭാവന നൽകുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് വളരെ സന്തോഷം തോന്നി. അവർക്ക് വളരെ സന്തോഷം തോന്നി എന്നു മാത്രമല്ല, അത് അവർക്ക് കടപ്പാടും ആകുന്നു; ജനതകൾ അവരുടെ ആത്മിക കാര്യങ്ങളിൽ കൂട്ടാളികൾ ആയെങ്കിൽ ഭൗതിക കാര്യങ്ങളിൽ അവർക്ക് ശുശ്രൂഷ ചെയ്വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. ഞാൻ അത് നിവർത്തിച്ചു ഈ ഫലം അവർക്ക് ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പെയിനിലേക്ക് പോകും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ക്രിസ്തുവിന്‍റെ അനുഗ്രഹനിറവിൽ വരും എന്നു ഞാൻ അറിയുന്നു. എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലെ എന്റെ ശുശ്രൂഷ വിശുദ്ധന്മാർക്ക് സ്വീകാര്യമായിത്തീരേണ്ടതിനും, അങ്ങനെ ഞാൻ ദൈവഹിതത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ ആശ്വസിക്കേണ്ടതിനും നിങ്ങൾ എനിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർമ്മിപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
റോമർ 15:23-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു. ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു. യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്‌വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി. അവർക്കു ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവർക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവർക്കു ശുശ്രൂഷ ചെയ്വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ. ഞാൻ അതു നിവർത്തിച്ചു ഈ ഫലം അവർക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും എന്നു ഞാൻ അറിയുന്നു. എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണ്ടതിന്നും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാർക്കു പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓർപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
റോമർ 15:23-33 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ഇപ്പോഴാകട്ടെ, മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ശുശ്രൂഷകൾക്ക് ഇനിയും സ്ഥലം ഇല്ല; മാത്രവുമല്ല, റോമൻ നിവാസികളായ നിങ്ങളെ കാണാൻ അനേകവർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നതുമാണല്ലോ. അതുകൊണ്ട്, സ്പെയിനിലേക്കുള്ള യാത്രയ്ക്കിടയിൽ ആദ്യം നിങ്ങളുടെ അടുത്തുവന്ന് അൽപ്പനാൾ നിങ്ങളോടൊപ്പം ആനന്ദിക്കാമെന്നും നിങ്ങളാൽ യാത്രയയയ്ക്കപ്പെട്ട് യാത്ര തുടരാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എങ്കിലും ജെറുശലേമിലുള്ള ദൈവജനത്തിനു ശുശ്രൂഷചെയ്യാൻ ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു. അവരുടെ സന്മനസ്സുമാത്രമല്ല, ഇങ്ങനെ ചെയ്യാനുള്ള കടപ്പാടും അവർക്കുണ്ട്. ജെറുശലേമിലെ ദൈവജനത്തിന്റെ ശുശ്രൂഷനിമിത്തം ആണല്ലോ അവർ സുവിശേഷം വിശ്വസിച്ച് ആത്മികാനുഗ്രഹങ്ങൾക്കു പങ്കുകാരായത്. അതുകൊണ്ട്, അവരുടെ ഭൗതികാനുഗ്രഹങ്ങൾ ജെറുശലേമിലെ ദൈവജനവുമായി പങ്കുവെക്കാനുള്ള കർത്തവ്യവും അവർക്കുണ്ട്. ഈ തുക സുരക്ഷിതമായി ഏൽപ്പിച്ച് അഖായയിലെയും മക്കദോന്യയിലെയും സഭകളുടെ ഈ സൽപ്രവൃത്തി പൂർത്തിയാക്കിയശേഷം ഞാൻ സ്പെയിനിലേക്കു പോകുകയും യാത്രയ്ക്കിടയിൽ നിങ്ങളെ കാണുകയും ചെയ്യും. ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം. സഹോദരങ്ങളേ, എനിക്ക് കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലും ആത്മാവ് നമുക്കു നൽകിയിട്ടുള്ള സ്നേഹത്താലും ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്: എനിക്കുവേണ്ടി, ദൈവത്തോട് ഹൃദയം നുറുങ്ങിയുള്ള പ്രാർഥനയിൽ എന്നോടു സഹകരിക്കണം. യെഹൂദ്യയിലെ അവിശ്വാസികളിൽനിന്ന് ഞാൻ സുരക്ഷിതനായിരിക്കേണ്ടതിനും ജെറുശലേമിലേക്കു കൊണ്ടുപോകുന്ന എന്റെ സഹായധനം അവിടെയുള്ള വിശ്വാസികൾക്കു സ്വീകാര്യമാകേണ്ടതിനും വേണ്ടിയാണ് നിങ്ങൾ പ്രാർഥിക്കേണ്ടത്. അങ്ങനെ, ദൈവഹിതമായാൽ ആനന്ദത്തോടുകൂടെ നിങ്ങളുടെ അടുത്തുവന്നു നിങ്ങളുടെ സാമീപ്യത്താൽ നവോന്മേഷം ലഭിക്കാൻ സാധിക്കും. സമാധാനത്തിന്റെ ഉറവിടമായ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.