റോമർ 10:8-17
റോമർ 10:8-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അത് എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസവചനം തന്നെ. യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻതന്നെ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നല്കുവാൻ തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്ന് എഴുതിയിരിക്കുന്നുവല്ലോ. എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചു” എന്നു യെശയ്യാവ് പറയുന്നുവല്ലോ. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
റോമർ 10:8-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനെക്കുറിച്ച് വേദലിഖിതത്തിൽ കാണുന്നത് ഇതാണ്: ദൈവത്തിന്റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്റെ സന്ദേശം അതുതന്നെയാണ്. യേശു കർത്താവാകുന്നു എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ ദൈവം നിന്നെ രക്ഷിക്കും. ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ‘ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. യെഹൂദനെന്നും വിജാതീയനെന്നും ഭേദമില്ല. ദൈവം എല്ലാവരുടെയും കർത്താവത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അവിടുന്ന് ഉദാരമായി അനുഗ്രഹിക്കുന്നു. “സർവേശ്വരന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും.” എന്നാൽ അവർ വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? കേൾക്കാതെ എങ്ങനെ വിശ്വസിക്കും? സദ്‍വാർത്ത പ്രഖ്യാപനം ചെയ്യാതെ എങ്ങനെ കേൾക്കും? അയയ്ക്കപ്പെടാതെ എങ്ങനെ പ്രഖ്യാപനം ചെയ്യും? ‘സദ്‍വാർത്ത അറിയിക്കുന്നവരുടെ വരവ് എത്ര സന്തോഷപ്രദം!’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. എന്നാൽ എല്ലാവരും സദ്‍വാർത്ത സ്വീകരിച്ചിട്ടില്ല. ‘സർവേശ്വരാ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു? എന്ന് യെശയ്യാ തന്നെ ചോദിക്കുന്നു. വിശ്വാസം ഉണ്ടാകുന്നത് ആ സദ്‍വാർത്ത കേൾക്കുന്നതുകൊണ്ടും കേൾക്കുന്നത് ക്രിസ്തുവിനെ സംബന്ധിച്ചു പ്രസംഗിക്കുന്നതുകൊണ്ടും ആകുന്നു.
റോമർ 10:8-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ അത് എന്ത് പറയുന്നു? “വചനം നിനക്കു സമീപമായി, നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു.” അത് ഞങ്ങൾ പ്രസ്താവിക്കുന്ന വിശ്വാസ വചനം തന്നെ. യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ്കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നെ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ അവർ കേൾക്കും? അവർ അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ. എങ്കിലും അവർ എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു?” എന്നു യെശയ്യാവു പറയുന്നുവല്ലോ. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
റോമർ 10:8-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ. എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ. ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
റോമർ 10:8-17 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ. യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു. “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ. എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും? അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ. എന്നാൽ, എല്ലാ ഇസ്രായേല്യരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?” എന്ന് യെശയ്യാവു ചോദിക്കുന്നുണ്ടല്ലോ. അങ്ങനെ വിശ്വാസം ദൈവികസന്ദേശത്തിന്റെ കേൾവിയാലും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള വചനത്താലും ഉണ്ടാകുന്നു.