റോമർ 1:8-15
റോമർ 1:8-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ വിശ്വാസം സർവലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യംതന്നെ എന്റെ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം നിങ്ങൾക്കെല്ലാവർക്കുംവേണ്ടി സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്, അതായത് നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാൺമാൻ വാഞ്ഛിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
റോമർ 1:8-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ഞാൻ എന്റെ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു. ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ ആരെ സർവാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാൻ പറയുന്നതിനു സാക്ഷി. എന്റെ പ്രാർഥനയിൽ ഞാൻ എപ്പോഴും നിങ്ങളെ ഓർക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്റെ സംപ്രീതിയാൽ എനിക്ക് ഇടവരുത്തട്ടെ. നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്‌കുവാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസത്താൽ എനിക്കും എന്റെ വിശ്വാസത്താൽ നിങ്ങൾക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്റെ താത്പര്യം. സഹോദരരേ, നിങ്ങളെ സന്ദർശിക്കുന്നതിനു ഞാൻ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാൽ അതു സാധിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. ഇതര ജനതകളിൽനിന്ന് എന്നപോലെ നിങ്ങളിൽനിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാൻ ഇച്ഛിക്കുന്നു. പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.
റോമർ 1:8-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്‍റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്‍റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി. നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്, അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
റോമർ 1:8-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
റോമർ 1:8-15 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ഞാൻ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു എന്നതിന് ദൈവം സാക്ഷിയാണ്. ആ ദൈവത്തെയാണ് അവിടത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ സർവാത്മനാ സേവിക്കുന്നത്. ദൈവത്തിനു പ്രസാദമുണ്ടായിട്ട് എങ്ങനെയെങ്കിലും ഒടുവിൽ നിങ്ങളുടെ അടുത്തെത്താൻ വഴിതുറക്കണമെന്ന് ഞാൻ എപ്പോഴും പ്രാർഥനയിൽ യാചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെ ആത്മികമായി ശാക്തീകരിക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും കൃപാദാനം നൽകുന്നതിനുവേണ്ടിയാണ് ഞാൻ നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നത്. അതായത്, എന്റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമല്ലോ. സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്. പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്.