റോമർ 1:1-17
റോമർ 1:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിനായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലൊസ് റോമയിൽ ദൈവത്തിനു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്റെ നാമത്തിനായി സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിനു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്. അവരിൽ യേശുക്രിസ്തുവിനായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം സർവലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യംതന്നെ എന്റെ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം നിങ്ങൾക്കെല്ലാവർക്കുംവേണ്ടി സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്, അതായത് നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാൺമാൻ വാഞ്ഛിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
റോമർ 1:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനായി വേർതിരിക്കപ്പെടുകയും അപ്പോസ്തോലനായി വിളിക്കപ്പെടുകയും ചെയ്തവനും ക്രിസ്തുയേശുവിന്റെ ദാസനുമായ പൗലൊസ് എഴുതുന്നത്: ഈ സുവിശേഷം തന്റെ പ്രവാചകന്മാർ മുഖാന്തരം വളരെ മുമ്പുതന്നെ വിശുദ്ധലിഖിതങ്ങളിൽ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം. മനുഷ്യനെന്ന നിലയിൽ അവിടുന്ന് ദാവീദുവംശജനായിരുന്നു. എന്നാൽ ദിവ്യവിശുദ്ധിയെ സംബന്ധിച്ചിടത്തോളം അവിടുന്നു മരണത്തിൽനിന്നുള്ള ഉത്ഥാനംമൂലം മഹാശക്തനായ ദൈവപുത്രനാണെന്നു വെളിപ്പെട്ടിരിക്കുന്നു. വിശ്വാസംമൂലം ഉളവാകുന്ന അനുസരണത്തിലേക്ക് എല്ലാ ജനതകളെയും നയിച്ച് തന്റെ നാമം മഹത്ത്വപ്പെടുത്തുന്നതിനുള്ള അപ്പോസ്തോലദൗത്യവും കൃപയും യേശുക്രിസ്തുവിലൂടെ ദൈവം ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. അക്കൂട്ടത്തിൽ റോമിലുള്ള നിങ്ങളും യേശുക്രിസ്തുവിന്റെ സ്വന്തജനമായിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവത്തിനു പ്രിയമുള്ളവരും തന്റെ ജനമായിരിക്കുന്നതിന് അവിടുന്നു വിളിച്ചു വേർതിരിച്ചിട്ടുള്ളവരുമായ നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ കത്തെഴുതുന്നു. നമ്മുടെ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ഞാൻ എന്റെ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു. ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ ആരെ സർവാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാൻ പറയുന്നതിനു സാക്ഷി. എന്റെ പ്രാർഥനയിൽ ഞാൻ എപ്പോഴും നിങ്ങളെ ഓർക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്റെ സംപ്രീതിയാൽ എനിക്ക് ഇടവരുത്തട്ടെ. നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്‌കുവാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസത്താൽ എനിക്കും എന്റെ വിശ്വാസത്താൽ നിങ്ങൾക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്റെ താത്പര്യം. സഹോദരരേ, നിങ്ങളെ സന്ദർശിക്കുന്നതിനു ഞാൻ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാൽ അതു സാധിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. ഇതര ജനതകളിൽനിന്ന് എന്നപോലെ നിങ്ങളിൽനിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാൻ ഇച്ഛിക്കുന്നു. പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. സുവിശേഷത്തെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും -ആദ്യം യെഹൂദനെയും പിന്നീടു വിജാതീയനെയും- രക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ ശക്തിയാണു സുവിശേഷം. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിട്ടും വെളിപ്പെടുന്നു. വിശ്വാസത്താൽ ദൈവത്തോടു രഞ്ജിപ്പിക്കപ്പെട്ടവൻ ജീവിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ.
റോമർ 1:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവത്തിന്‍റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സുവിശേഷം, ദൈവം തന്‍റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്. ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. മനുഷ്യനെന്ന നിലയിൽ ദാവീദിന്‍റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്നു ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്. അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്‍റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്‍റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി. നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്, അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 1:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലൊസ് റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു. അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 1:1-17 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുയേശുവിന്റെ ദാസനും അപ്പൊസ്തലനും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവനുമായ പൗലോസാണ് ഈ ലേഖനം എഴുതുന്നത്. ദൈവം ദീർഘകാലം മുമ്പേ വിശുദ്ധഗ്രന്ഥങ്ങളിൽ അവിടത്തെ പ്രവാചകന്മാരിലൂടെ വാഗ്ദാനംചെയ്തിട്ടുള്ളതാണ് തന്റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം. യേശുക്രിസ്തു ദാവീദിന്റെ സന്തതിപരമ്പരയിൽ മനുഷ്യനായി ജന്മമെടുക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്. യേശുക്രിസ്തുവിന്റെ സ്വന്തമായിരിക്കുന്നതിനു വിളിക്കപ്പെട്ടവരായ നിങ്ങളും അവരിൽ ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ വാത്സല്യജനങ്ങളും വിശുദ്ധജനവും ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരായ, റോം നഗരത്തിലുള്ള നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഇതെഴുതുന്നു. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ! നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ഞാൻ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു എന്നതിന് ദൈവം സാക്ഷിയാണ്. ആ ദൈവത്തെയാണ് അവിടത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ സർവാത്മനാ സേവിക്കുന്നത്. ദൈവത്തിനു പ്രസാദമുണ്ടായിട്ട് എങ്ങനെയെങ്കിലും ഒടുവിൽ നിങ്ങളുടെ അടുത്തെത്താൻ വഴിതുറക്കണമെന്ന് ഞാൻ എപ്പോഴും പ്രാർഥനയിൽ യാചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെ ആത്മികമായി ശാക്തീകരിക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും കൃപാദാനം നൽകുന്നതിനുവേണ്ടിയാണ് ഞാൻ നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നത്. അതായത്, എന്റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമല്ലോ. സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്. പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്. സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു. കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.